SHARE

കോവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ഫുട്ബോൾ ഒട്ടും സജീവമായിരുന്നില്ല. ഏതാണ്ട് ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് ദേശീയ ടീം ​ഗ്രൗണ്ടിലിറങ്ങിയത്. എന്നാലിപ്പോൾ കോവിഡ് സാഹചര്യം നിലനിൽക്കെ തന്നെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യൻ ടീം.

ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിക്കിട്ടിയ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന്റെ പ്രധാന ലക്ഷ്യം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങളാണ്. ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ നിരാശപ്പെടുത്തിയ ടീമിനെ മികച്ച രീതിയിൽ തിരിച്ചെത്തിക്കുക എന്ന വലിയ ദൗത്യമാണ് സ്റ്റിമാച്ചിന് മുന്നിലുള്ളത്. ദേശീയ ടീമിന് കൂടുതൽ മത്സരങ്ങൾ കണ്ടെത്തുക എന്നതാണ് ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയ പരിഹാരം.

കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ 2021-22 വർഷത്തെ കലണ്ടർ ഫെ‍ഡറേഷൻ പുറത്തുവിട്ടു. ഇതുപ്രകാരം ഈ മാസം പകുതിയോടെ ദേശീയ ടീം ഒരുക്കങ്ങൾ തുടങ്ങും. ​ഓ​ഗസ്റ്റ് മുപ്പതിനും സെപ്റ്റംബർ ഏഴിനുമിടെ രണ്ട് സൗഹൃദമത്സരങ്ങൾ ഇന്ത്യ കളിച്ചേക്കും. വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ സംഘടനകളുമായി ഇക്കാര്യത്തിൽ ഫെ‍ഡറേഷൻ ചർച്ച തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് വ്യക്തമാകും.

ഈ സൗഹൃദപ്പോരാട്ടങ്ങൾക്കായി ഓ​ഗസ്റ്റ് 15 മുതൽ ദേശീയ ടീം ക്യാംപ് തുടങ്ങും. 15 ദിവസത്തെ ക്യാംപായിരിക്കും ഇത്. എ.ടി.കെ മോഹൻ ബ​ഗാൻ, ബെം​ഗളുരു എഫ്.സി എന്നീ ക്ലബുകൾ ഈ സമയം ഏ.എഫ്.സി കപ്പ് കളിക്കുന്നതിനാൽ ആ ക്ലബുകളിലെ താരങ്ങളുടെ ദേശീയ ടീം ക്യാംപിലെ പങ്കാളിത്തം കോവി‍ഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. ഈ സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഇന്ത്യ സാഫ് കപ്പിലും കളിക്കും. ഇതിന്റെ ക്യാംപ് ഓക്ടോബർ ആദ്യം തുടങ്ങാനാണ് സാധ്യത.