SHARE

ഇറ്റലിയിൽ നടക്കുന്ന എം.യു-15 ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയുടെ അണ്ടർ 16 ടീം പുറപ്പെട്ടു. കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറ്റലിയിലേക്ക് പറക്കുന്നത്. ടീമിൽ മലയാളി താരങ്ങളുമുണ്ട്.

അടുത്ത വർഷം നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിനുള്ള യോ​ഗ്യതാ മത്സരങ്ങളുടെ തയ്യാറെടുപ്പിന്റ ഭാ​ഗമായാണ് ഇറ്റാലിയൻ യാത്ര. ഈ വർഷം അവസാനത്തോടെയായിരിക്കും യോ​ഗ്യതാ മത്സരങ്ങൾ. അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിന് യോ​ഗ്യത നേടാനുള്ള സാധ്യത മുന്നിൽ കണ്ട് 15 വയസിൽ താഴെ പ്രായമുള്ള താരങ്ങളെ മാത്രമാണ് ഇപ്പോൾ ഇറ്റലിയിലേക്ക് പോയ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇറ്റലിയിൽ അമേരിക്ക, സ്ലോവേനിയ, മെക്സിക്കോ എന്നീ കരുത്തരായ ടീമുകളുമായാണ് ഇന്ത്യ ഏറ്റുമുട്ടേണ്ടത്. ഞായറാഴ്ചയാണ് അമേരിക്കയ്ക്കെതിരായ മത്സരം. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ മെക്സിക്കോ, സ്ലോവേനിയ എന്നിവർക്കെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്.