SHARE

മലേഷ്യയില്‍ സെപ്തംബറില്‍ നടക്കുന്ന അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സെര്‍ബിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമിന് രണ്ടാം ജയം. താജിക്കിസ്ഥാനെ 4-2നാണ് ഇന്ത്യന്‍ കുട്ടികള്‍ തോല്പിച്ചത്. ആദ്യ പത്തു മിനിറ്റില്‍ മൂന്നു ഗോളുകള്‍ ഇന്ത്യ നേടിയിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ കുട്ടികള്‍ തജിക്കിസ്ഥാന്‍ വലയില്‍ പന്തെത്തിച്ചു.

ഗിബ്‌സനാണ് ഗോളിനുടമ. തൊട്ടുപിന്നാലെ സെയ്ല്‍ലോയും ലക്ഷ്യം കണ്ടതോടെ ഏഴു മിനിറ്റില്‍ രണ്ടു ഗോളിന്റെ ലീഡിലായി ഇന്ത്യ. തജിക്കിസ്ഥാനെ കൂടുതല്‍ ഞെട്ടിച്ച് ഒന്‍പതാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ഇത്തവണ ഷബാജിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ പിന്നീട് തജിക്കിസ്ഥാന്റെ ഊഴമായിരുന്നു. മൂന്നു മിനിറ്റിനിടെ രണ്ടു തവണ ഇന്ത്യന്‍ പോസ്റ്റില്‍ നിറയൊഴിച്ച് അവര്‍ കടം കുറച്ചു.

ആദ്യ പകുതി പിന്നിടുമ്പോള്‍ 3-2ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാംപകുതിയില്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അതോടെ മുന്നേറ്റങ്ങള്‍ കുറഞ്ഞു. കളി പതിയെ മുന്നേറുന്നതിനിടെ അറുപത്തിയാറാം മിനിറ്റില്‍ രോഹിത് ദാനു നാലാം ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ 2-1ന് ഇന്ത്യ ജയിച്ചിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ വിജയം. തൊട്ടുപിന്നാലെ ശക്തരായ സെര്‍ബിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ഇന്ത്യയെ കൂടാതെ ജോര്‍ദാന്‍, സെര്‍ബിയ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. മലേഷ്യയില്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ ഏഴു വരെയാണ് എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്. ഇറാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ കളിക്കുന്നത്.