SHARE

പതിവുപോലെ ഈ ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണും ഒട്ടേറെ ഇന്ത്യൻ യുവതാരങ്ങളെ രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. സീസണിലെ പകുതിയിലേറെ മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏറ്റവും ശ്രദ്ധ നേടിയ താരങ്ങളിൽ കൂടുതലും വിങ്ങർമാരാണ്. ഐ.എസ്.എല്ലിന് പിന്നാലെ ദേശീയ ടീം ക്യാമ്പ് തുടങ്ങിനാരിക്കെ ഇവരിൽ പലരും ദേശീയ ടീം ജേഴ്സി സ്വപ്നം കണ്ട് തുടങ്ങിയിട്ടുണ്ട്.

ഹൈദരാബാദിന്റെ ലിസ്റ്റൻ കോളാസോയാണ് ഇക്കുറി ഏറ്റവും ശ്രദ്ധ നേടിയ വിങ്ങർ. ഇരുവിങ്ങുകളിലും വേണമെങ്കിൽ സെന്റർ ഫോർവേഡായും കളിപ്പിക്കാവുന്ന താരമാണ് ഹൈദരാദിന്റെ ലിസ്റ്റൻ. സീസണിലിതുവരെ രണ്ട് ​ഗോൾ നേടിയ ലിസ്റ്റൻ മൂന്നെണ്ണത്തിന് വഴിയൊരുക്കി. അപാരവേ​ഗവും ഡ്രിബ്ലിങ് മികവും ലിസ്റ്റന്റെ പ്ലസ് പോയിന്റാണ്.

മുംബൈ സിറ്റിയുടെ ബിപിൻ സിങ്ങാണ് ശ്രദ്ധേയനായ മറ്റൊരു താരം. സെർജിയോ ലൊബേറയുടെ ടീമിൽ ഇടത് വിങ്ങിലെ സ്ഥിരം സാന്നിധ്യമാണ് ഈ മണിപ്പൂർതാരം. ഒരു ​ഗോൾ നേടിയ ബിപിൻ മൂന്ന് ​ഗോളുകൾക്കാണ് സീസണിൽ വഴിയൊരുക്കിയത്. ഹൈദരാബാദിന്റെ തന്നെ ഹളിചരൻ നർസാരിയാണ് കൈയ്യടി നേടുന്ന മറ്റൊരു താരം. ഈ ഐ.എസ്.എൽ സീസണിൽ ഏറ്റവുമധികം ​ഗോൾ നേടിയ ഇന്ത്യൻ താരമാണ് നർസാരി. സീസണിൽ നാല് ​ഗോളാണ് ഈ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നേടിയത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി.രാഹുൽ, ​ഗോവയുടെ അലക്സാണ്ടർ റൊമാരിയോ ജെസുരാജ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിൻതോയിൻ​ഗമ്പ മീത്തെ തുടങ്ങിയവരും വിങ്ങിൽ തീപ്പൊരു പാറിച്ചവരാണ്. അസാമാന്യ വേ​ഗതയുള്ള രാഹുൽ ഇതിനകം രണ്ട് ​ഗോൾ നേടിക്കഴിഞ്ഞു. ജസുരാജകട്ടെ തന്റെ ആദ്യ ഐ.എസ്.എൽ സീസണിൽ ഇതുവരെ മൂന്ന് ​ഗോളിന് വഴിയൊരുക്കി.