SHARE

ഫുട്ബോളിൽ വളർച്ചയുടെ പാതയിലാണ് ഇന്ത്യ സഞ്ചരിക്കുന്നത്. പടിപടിയായി ഇന്ത്യൻ ഫുട്ബോൾ വളരുന്നതിന്റെ പ്രതിഫലനം അവരുടെ റാങ്കിംഗുകളിലും പ്രതിഫലിക്കുന്നുണ്ട്. ഇപ്പോളിതാ ഇന്ത്യൻ ഫുട്ബോളിന് മറ്റൊരു അഭിമാന നിമിഷം കൂടി വന്നെത്തിയിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ വെബ്സൈറ്റായ കാൽസിയോമെർസാട്ടോ ഏഷ്യയിലെ ഏറ്റവും മികച്ച അണ്ടർ 21 ഫുട്ബോൾ ടീം ഇലവനെ തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ താരം അബ്നീത് ഭാരതിയും അതിൽ ഇടം പിടിച്ചിരിക്കുന്നു.

പോർച്ചുഗീസ് മൂന്നാം ഡിവിഷനിൽ കളിച്ച് കൊണ്ടിരിക്കുന്ന ഭാരതി‌ നിലവിൽ യൂറോപ്പ്യൻ ലീഗിൽ കളിക്കുന്ന ഏക ഇന്ത്യൻ താരമാണ്. പോർച്ചുഗൽ മൂന്നാം ഡിവിഷൻ ഫുട്ബോളിലെ പ്രശസ്ത ക്ലബ്ബായ സു സിൻട്രെൻസിന്റെ സെൻട്രൽ ഡിഫൻഡറാണ് ഈ താരം.

സിംഗപ്പൂർ പ്രീമിയർ ലീഗ് ടീമായ ഗെയ്ലാംഗ് ഇന്റർനാഷണൽ എഫ് സി യിലൂടെയാണ് അബ്നീത് ഭാരതി തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്. 2016 ൽ തന്റെ പത്തൊൻപതാം വയസിൽ സ്പാനിഷ് ക്ലബ്ബായ റയൽ വല്ലഡോലിഡുമായി കരാറിലെത്തി ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ച താരമാണ് അദ്ദേഹം. 2018 ലെ ഏഷ്യൻ ഗെയിംസ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ഭാരതിയെ ഇന്ത്യൻ അണ്ടർ 23 സംഘത്തിലേക്ക് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിഗണിക്കുമോ എന്നതാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് നിലവിൽ ആകാംക്ഷ നൽകുന്നത്.