SHARE

ഇന്ത്യയില്‍ ഇന്ത്യയെ നേരിടുന്നത് കടുപ്പമാകുമെന്ന് ഓസീസ് താരങ്ങള്‍ ഓരോരുത്തരായി പറയുകയും അതു കേട്ട് ഇന്ത്യന്‍ താരങ്ങളും ആരാധകരും അല്പം അഹങ്കരിക്കുകയും ചെയ്തപ്പോള്‍ അതൊക്കെ വരാന്‍ പോകുന്ന ദുരന്തത്തിനു മുമ്പിലുള്ള ആശ്വാസവാക്കുകള്‍ മാത്രമാണെന്ന് അറിയാന്‍ കളി തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന് തകര്‍ന്നു തരിപ്പണമായപ്പോള്‍ ഇന്ത്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത് നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണ്.

2005 നു ശേഷം ആദ്യമായാണ് ഇന്ത്യ ഏകദിനത്തില്‍ 10 വിക്കറ്റിന് പരാജയപ്പെടുന്നത്. ദക്ഷിണാഫ്രീക്കയായിരുന്നു അന്ന് ഇന്ത്യയെ തോല്‍പ്പിച്ചത്. 189 റണ്‍സായിരുന്നു അന്ന് കൊല്‍ക്കൊത്തയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.

ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ പത്ത് വിക്കറ്റ് തോല്‍വിയാണിത്. 1981 ല്‍ ന്യൂസിലാന്‍ഡ്,1997 ല്‍ വെസ്റ്റ് ഇന്‍ഡീസ്, 2000 ത്തില്‍ ദക്ഷിണാഫ്രിക്ക 2005 ല്‍ ദക്ഷിണാഫ്രിക്ക എന്നിവയാണ് മുമ്പത്തെ തോല്‍വികള്‍.

256 റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് ജയിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് 10 വിക്കറ്റിന് ജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ.ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ ആദ്യ പത്തു വിക്കറ്റ് വിജയമാണിത്. ഓസീസിനെതിരെ പത്തു വിക്കറ്റിന് തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലിയും മാറി.

എന്തായാലും ട്വന്റി-ട്വന്റി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തില്‍ ഈ തോല്‍വിയേല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചു വരവ് നടത്തി പരമ്പര നേടിയാല്‍ മാത്രമെ ഈ കനത്ത തോല്‍വിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ടീമിനും ഒപ്പം ആരാധകര്‍ക്കും വിടുതല്‍ ലഭിക്കുകയുള്ളു.