SHARE

1948 ജൂലൈ 31, ഇന്ത്യന്‍ ഫുട്‌ബോളിന് മറക്കാനാവാത്ത ദിവസം. 2018ല്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെതിരെ അന്ന് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും നഗ്നപാദരായാണ് കളത്തിലിറങ്ങിയത്. 70 വര്‍ഷത്തിനിപ്പുറം ഫിഫാ റാങ്കിംഗില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. 1948ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് ഇന്ത്യ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിനെ നേരിട്ടത്. മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യന്‍ തോല്‍വി.

റെനെ കൗര്‍ബിന്‍ 30ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ 70ാമത്തെ മിനുട്ടില്‍ കര്‍ണാടകക്കാരന്‍ സരംഗപാനി രാമന്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി ഫ്രാൻസിനെ ഞെട്ടിച്ചു. 1930, 1934, ലോകകപ്പുകളില്‍ കളിച്ച, 1938 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയ ഫ്രാന്‍സ് 89ാം മിനുട്ടില്‍ പെര്‍സിലന്‍ നേടിയ ഗോളിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടത്തിയായിരുന്നു ഇന്ത്യയുടെ കീഴടങ്ങൽ. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയ രാമന്‍ ആ ഒരു മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതെന്നതാണ് കൗതുകകരമായ കാര്യം.

1950ലെ ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും നിരവധി കാരണങ്ങള്‍ പറഞ്ഞത് കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. 1952ല്‍ വീണ്ടും ഇന്ത്യ വീണ്ടും ഒളിംപിംക്‌സിന്. എന്നാല്‍ ഹെല്‍സിംങ്കി ഒളിംപ്‌സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ കരുത്തരായ യുഗോസ്ലാവിയക്കെതിരെ 10-1നായിരുന്നു ഇന്ത്യയുടെ തോല്‍വി. അതേ യൂഗോസ്ലാവിയയിൽ നിന്ന് 1991ല്‍ രൂപം കൊണ്ട ക്രൊയേഷ്യയാണ് ഇത്തവണ ലോകകപ്പ് റണ്ണേഴ്‌സ് അപ്പുകളായതെന്നതും ശ്രദ്ധേയമായ കാര്യം. എന്തായാലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയതിന്റെ വാര്‍ഷികത്തില്‍ ഫിഫ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്ത്യ ഒരിക്കല്‍ ലോകകപ്പ് കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയില്‍ തന്നെയാണ് ഈ വാര്‍ഷികദിനവും കടന്നു പോവുന്നത്.