SHARE

ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടത്തിന് മുന്നോടിയായി നിശ്ചയിച്ചിരുന്ന സൗഹൃദമത്സരത്തിൽ നിന്ന് ആഫ്രിക്കൻ ടീമായ സാംബിയ പിന്മാറി. മത്സരത്തിനായുള്ള സ്ക്വാഡ് ഒരുക്കാനാകില്ല എന്ന കാരണം പറഞ്ഞാണ് ആഫ്രിക്കൻ കരുത്തരുടെ പിന്മാറ്റം. ഏഐഎഫ്എഫ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഏഷ്യാ കപ്പ് യോ​ഗ്യതാപോരിന് മുന്നോടിയായി ഈ മാസം 25-ന് ഖത്തറിലെ ദോഹയിലാണ് സാംബിയയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരം നടക്കുമെന്ന് ഈ മാസം ഒമ്പതാം തിയതി സാംബിയൻ ഫുട്ബോൾ അധികൃതർ സ്ഥിരീകരിച്ചതുമാണ്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് പിന്മാറുകയാണെന്ന് അവർ അറിയിച്ചത്.

ദേശീയ ടീമിലുള്ള മിക്കവാറും താരങ്ങളും തങ്ങളുടെ ക്ലബുകൾക്കൊപ്പം സീസണിലെ അവസാന മത്സരങ്ങളിൽ കളിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരെ ദേശീയ ടീം ക്യാംപിൽ എത്തിക്കാൻ സാധിക്കില്ല എന്നാണ് സാംബിയൻ അധികൃതർ അറിയിച്ചത്.

സാംബിയ പിന്മാറിയ സാഹചര്യത്തിൽ ഈ കുറഞ്ഞ സമയം കൊണ്ട് മറ്റൊരു സൗഹൃദമത്സരം നടത്താൻ ഏഐഎഫ്എഫിന് സാധിക്കില്ല. അതേസമയം തന്നെ ജോർദാനെതിരെ മറ്റൊരു സൗഹൃദമത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്. ആ മത്സരം നടക്കുമോയെന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.