SHARE

ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിൽ തുടങ്ങിയത് മുതൽ ഇന്ത്യൻ ആരാധകർ കാത്തിരുന്നത് ടീമിന്റെ എവേ ജേഴ്സിക്ക് വേണ്ടിയായിരുന്നു. ഒരേ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് കളിക്കുന്ന ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ അവയിൽ ഒരു ടീം വ്യത്യസ്ത നിറത്തിലുള്ള ജേഴ്സിയണമെന്ന് ഐസിസി പുതിയ നിർദ്ദേശം ടീമുകൾക്ക് നൽകിയതിനാലായിരുന്നു ഇത്തവണ ഇന്ത്യയടക്കമുള്ള ടീമുകൾക്ക് പ്രത്യേക എവേ ജേഴ്സിയിൽ കൂടി കളിക്കേണ്ട സ്ഥിതി വന്നത്.

എന്നാൽ മറ്റുള്ള ടീമുകൾ എവേ ജേഴ്സി പുറത്തിറക്കിയപ്പോളും ഇന്ത്യ തങ്ങളുടെ എവേ ജേഴ്സിയുടെ കാര്യത്തിൽ മൗനം പാലിച്ചു. പക്ഷേ ഇപ്പോളിതാ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന് രണ്ട് ദിവസം മുൻപ് ടീം ഇന്ത്യ തങ്ങളുടെ പുത്തൻ എവേ ജേഴ്സി പുറത്തിറക്കി. എല്ലാവരും കരുതിയിരുന്നത് പോലെ ഓറഞ്ചും നീലയും നിറങ്ങൾ വരുന്നതാണ് ഇന്ത്യയുടെ പുതിയ എവേ ജേഴ്സി.

കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഈ ജേഴ്സി ഔദ്യോഗികമായി പുറത്ത് വിട്ടത്.‌പിന്നാലെ പുത്തൻ എവേ ജേഴ്സിയണിഞ്ഞ് താരങ്ങൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ആരാധകർക്കിടയിൽ മികച്ച അഭിപ്രായമാണ് ഇന്ത്യയുടെ പുത്തൻ എവേ ജേഴ്സിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഈ ജേഴ്സിയിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കുക.