SHARE

ബെം​ഗളുരു എഫ്.സിക്കൊപ്പം മികച്ച നേട്ടങ്ങൾ കൈവരിച്ച ഫാൻ ഫേവറിറ്റായിരുന്ന ആൽബെർട്ട് റോക്കയെ തഴഞ്ഞാണ് 2019-ൽ ഇ​ഗോർ സ്റ്റിമാച്ചിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ക്ലബ് വിട്ട ഒഴിവിലേക്ക് പുതിയ പരിശീലകനെ തേടിയ ഏ.ഐ.എഫ്.എഫിന് മുന്നിൽ 280-ഓളം അപേക്ഷകളെത്തിയെന്നും. അതിൽ നിന്ന് ഓരോ ഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പിനൊടുവിലാണ് സ്റ്റിമാച്ചിന് നറുക്ക് വീണത്.

മുമ്പ് ക്രൊയേഷ്യയെ പരിശീലിപ്പിച്ചിരുന്നു എന്നത് തന്നെയാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാച്ചിന്റെ ഏറ്റവും പ്രധാന യോ​ഗ്യത. പരമ്പരാ​ഗത ഇന്ത്യൻ ശൈലിയെ ഉടച്ചുവാർത്ത് പൊസെഷൻ കേന്ദ്രീകരിച്ചുള്ള കളിശൈലിയിലേക്ക് ടീമിനെ മാറ്റുമെന്നായിരുന്നു സ്റ്റിമാച്ചിന്റെ പ്രഖ്യാപനം. എന്നാൽ ചുമതലയേറ്റ് രണ്ട് വർഷം കഴിഞ്ഞിപ്പോൾ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ പിന്നോട്ടുപോകുകയാണോയെന്ന് ആളുകൾക്ക് തോന്നിയാൽ തെറ്റുപറയാനാകില്ല.

കിങ്സ് കപ്പിൽ കുറക്കാവോയ്ക്കെതിരായ തോൽവിയോടെയാണ് സ്റ്റിമാച്ചിന്റെ തുടക്കം. തൊട്ടടുത്ത മത്സരത്തിൽ തായ്ലൻഡിനെ തോൽപ്പിച്ച് സ്റ്റിമാച്ച് പ്രതീക്ഷ പകർന്നു. തുടർന്ന് ആ വർഷം എട്ട് മത്സരങ്ങൾ കൂടി ഇന്ത്യ കളിച്ചു. എന്നാൽ ഇതിൽ നിന്ന് ഒരു വിജയം പോലും നേടാനായില്ല. എന്നാൽ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തറിനെ അവരുടെ നാട്ടിൽ ചെന്ന് ​ഗോൾരഹിത സമനിലയിൽ ഇന്ത്യ തളച്ചത് വിജയത്തോളം പോന്ന നേട്ടമായി.

2019 നവംബറിൽ ഒമാനോട് തോൽവി നേരിട്ടശേഷം പിന്നെ ഇന്ത്യൻ ടീം ​ഗ്രൗണ്ടിലിറങ്ങുന്നത് 2021 മാർച്ചിലാണ്. കോവിഡിനെത്തുടർന്ന് മത്സരങ്ങൾ നീട്ടിവച്ചതാണ് ഇതിന് കാരണം. ഇത് സ്റ്റിമാച്ചിന് കൂടുതൽ പ്രതിസന്ധികൾ തീർത്തു. മാർച്ച് 25-ന് ഒമാനെതിരെയാണ് വലിയൊരിടവേളയ്ക്ക് ശേഷം ഇന്ത്യ കളിക്കാനിറങ്ങിയത്. ഈ മത്സരം സമനിലയിലായി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ എതിരില്ലാത്ത ആറ് ​ഗോളിന് ഇന്ത്യ യു.എ.ഇയോട് തോറ്റു. തുടർന്ന് ഈ മാസം മൂന്ന് ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾ ഇന്ത്യ കളിച്ചു. ഇതിൽ ബെം​ഗ്ലാദേശിനെ തോൽപ്പിക്കാനായി. എന്നാൽ ഖത്തറിനോട് തോറ്റ ഇന്ത്യ, അഫ്​ഗാനിസ്ഥാനോട് സമനലി വഴങ്ങി.

2019 മെയിൽ ചുമതലയേറ്റ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ 15 മത്സരങ്ങൾ കളിച്ചു. എന്നാൽ ഇതിൽ നിന്ന് ആകെ നേടാനായത് രണ്ട് ജയം മാത്രമാണ്. ഏഴ് മത്സരങ്ങളിൽ തോറ്റ ഇന്ത്യ ആറെണ്ണത്തിൽ സമനിലയും നേടി. കണക്കുകൾ പരിശോധിച്ച് പറയുകയാണെങ്കിൽ വളരെ മോശം റെക്കോർഡ് തന്നെയാണിത്.

കോവിഡ് പ്രതിസന്ധി ഇന്ത്യൻ ടീമിനേയും സ്റ്റിമാച്ചിനേയും ബാധിച്ചിട്ടുണ്ട് എന്നത് പരി​ഗണിക്കാതിരിക്കാനാകില്ല. എങ്കിലും സ്റ്റിമാച്ച് ചുമതലയേറ്റതിന് പിന്നാലെ തുടർച്ചയായി പത്ത് മത്സരങ്ങൾ നടന്നിരുന്നു. അതിൽ ഖത്തറിനോട് നേടിയ സമനിലയും തായ്ലൻഡിനെ തോൽപ്പിച്ചതുമാണ് എടുത്തുപറയാവുന്നത്. ഏറ്റവുമൊടുവിൽ അപ്​ഗാനെതിരെ ഇന്ത്യ വഴങ്ങിയ സമനിലയും കളിയാരാധകരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്.