ജോർദാനെതിരായ സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ സുനിൽ ഛേത്രി നയിക്കും. പരുക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ട് സൗഹൃദമത്സരങ്ങൾ നഷ്ടമായ ഛേത്രി ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇന്ന് രാത്രി ഒമ്പതരയ്ക്കാണ് മത്സരം.
പല താരങ്ങൾക്കും പരുക്കേറ്റതിനാൽ പതിവുപോലെ ശക്തമായ ടീമിനെ ഇറക്കാൻ പരിശീലകൻ ഇഗോർ സ്റ്റാമിച്ചിന് ആയിട്ടില്ല. ഗുർപ്രീത് സിങ് സന്ധുവാണ് ടീമിന്റെ ഗോൾവല കാക്കുന്നത്. പ്രീതം കോട്ടാൽ, സന്ദേശ് ജിംഗൻ, അൻവർ അലി, സുഭാശിഷ് ബോസ്, ആകാശ് മിശ്ര എന്നിവരാണ് ടീമിലെ പ്രതിരോധതാരങ്ങൾ. മധ്യനിരയിൽ അനിരുദ്ധ് ഥാപ, ഗ്ലാൻ മാർട്ടിൻസ് എന്നിവർക്കൊപ്പം മലയാളി താരം സഹൽ അബ്ദുള് സമദുമുണ്ട്. മുൻനിരയിൽ മൻവീർ സിങ്ങാണ് ഛേത്രിക്ക് കൂട്ടായിയുള്ളത്.
5-3-2 എന്ന ഫോർമേഷനിലാകും സ്റ്റിമാച്ച് കളിക്കളത്തിൽ ടീമിനെ അണിനിരത്താൻ സാധ്യത. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള ടീമാണ് ജോർദാൻ. ഇതുമുമ്പ് ഇരുവരും തമ്മിലേറ്റുമുട്ടിയപ്പോൾ ജയം ജോർദാനൊപ്പമായിരുന്നു.