SHARE

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ആശയക്കുഴപ്പമുണ്ടെന്ന് സൂചന. ഫോമിലുള്ള കെ എല്‍ രാഹുലിനെ കളിപ്പിക്കണോ അതോ കരുണ്‍ നായര്‍ക്ക് അവസരം നല്‍കണോ എന്ന കാര്യത്തിലാണ് ഇന്ത്യയുടെ ആശയക്കുഴപ്പം. അതേ സമയം, കുല്‍ദീപ് യാദവിനെ എക്‌സ്ട്രാ സ്പിന്നറായി കളിപ്പിക്കുന്ന കാര്യവും സെലക്ടര്‍മാര്‍ ആലോചിക്കുകയാണ്.

ഓപ്പണര്‍മാരുടെ റോളില്‍ ഇറങ്ങാന്‍ ശിഖര്‍ ധവാനും മുരളി വിജയും രാഹുലും പൂര്‍ണ്ണ ഫിറ്റാണെന്ന റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ധവാനും വിജയും ഓപ്പണ്‍ ചെയ്താലാണ് രാഹുലിന്റെ കാര്യം ചോദ്യചിഹ്നത്തിലാവുന്നത്. കരുണ്‍ നായരെ കോഹ്ലിയുടെ പകരക്കാരനായി നാലാമനായി ഇറക്കുന്ന കാര്യവും സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ മൂന്നാമനായും ചേതേശ്വര്‍ പൂജാര നാലാമനായും വരുമെന്ന സാധ്യത പരിശോധിക്കുമ്പോഴാണ് കരുണ്‍ നായരുടെ കാര്യത്തില്‍ ആശങ്കയുള്ളത്.

ബാംഗ്ലൂരില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം അഫ്ഗാനിസ്ഥാന് ഏറെ പ്രധാനപ്പെട്ടത്. തങ്ങളുടെ കന്നി ടെസ്റ്റ് മത്സരത്തില്‍ പോരാടാനുറച്ച് തന്നെയാണ് അവര്‍ ഇറങ്ങുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കഴിവു തെളിയിച്ച സ്പിന്നര്‍മാരെ തന്നെയാണ് അവര്‍ ആദ്യ ടെസ്റ്റിലും പ്രധാന ആയുധമാക്കുകയെന്ന് ഉറപ്പാണ്. അതു കൊണ്ട് തന്നെ കരുതലോടെയാണ് അജിങ്ക്യ രഹാനെയ്ക്ക് കീഴില്‍ ഇന്ത്യയും മത്സരത്തിനിറങ്ങുന്നത്.