SHARE

അടുത്ത മാസം ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരക്കും, മൂന്ന് മത്സര ടി20 പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു‌.‌ വിരാട് കോഹ്ലിയുൾപ്പെടെയുള്ള സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇടം കൈയ്യൻ ഓപ്പണർ ശിഖാർ ധവാനാണ് ലങ്കയിൽ ടീമിനെ നയിക്കുക‌. സ്റ്റാർ പേസർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചപ്പോൾ, ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയിക്ക്വാദ്, നിതീഷ് റാണ, കൃഷ്ണപ്പ ഗൗതം, ചേതൻ സക്കറിയ എന്നിവരാണ്‌ സ്ക്വാഡിലെ പുതുമുഖങ്ങൾ. മലയാളി പേസർ സന്ദീപ് വാര്യർ ഉൾപ്പെടെ 5 പേരെ നെറ്റ്സ് ബോളർമാരായും സെലക്ടർമാർ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്‌.

ജൂലൈ 13, 16, 18 തീയതികളിൽ ഏകദിന മത്സരങ്ങളും, 21, 23, 25 തീയതികളിൽ ടി20 പരമ്പരയിലെ മത്സരങ്ങളും നടക്കും. കൊളംബോയിലെ ആർ പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്നത്.

ഇന്ത്യ‌ൻ ടീം ഇങ്ങനെ – ശിഖാർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, റുതുരാജ് ഗെയിക്ക്വാദ്, സൂര്യകുമാർ യാദവ്, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ടെ, ഹാർദിക് പാണ്ട്യ, നിതീഷ് റാണ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ട്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, നവ്ദീപ് സൈനി, ചേതൻ സക്കറിയ.

നെറ്റ് ബോളർമാർ – ഇഷാൻ പൊറെൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിംഗ്, സായി കിഷോർ, സിമർജിത് സിംഗ്.