SHARE

2016ല്‍ ജോര്‍ദാനില്‍ നടന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിലൂടെയാണ് യുവേന ഫെര്‍ണാണ്ടസെന്ന ഇന്ത്യന്‍ വനിതാ റഫറി വാര്‍ത്തകളില്‍ നിറയുന്നത്. ലോകകപ്പ് പോലെ വലിയൊരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ റഫറിയായി മാറിയിരുന്നു അന്ന് യുവേന.

ഇപ്പോഴിതാ, ഈ ഗോവക്കാരിയെത്തേടി മറ്റൊരു നേട്ടവും എത്തിയിരിക്കുകയാണ്. വരുന്ന ഓഗസ്റ്റില്‍ ഫ്രാന്‍സില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പ് നിയന്ത്രിക്കാന്‍ അസിസ്റ്റന്റ് റഫറിയായി യുവേനയെയും തെരഞ്ഞെടുത്തിരിക്കുകയാണ് ഫിഫ. നേരത്തെ ബംഗ്ലാദേശില്‍ നടന്ന എ എഫ് സി കപ്പിലെ ചില മത്സരങ്ങളിലും അണ്ടര്‍ 17 വനിതാ ലോകകപ്പിലെയും മത്സരങ്ങളില്‍ അസിസ്റ്റന്‍ഡ് റഫറിയായി പ്രവര്‍ത്തിച്ചതിന് എ എഫ് സിയുടെ റഫറീസ് സ്‌പെഷല്‍ അവാര്‍ഡും യുവേന നേടിയിരുന്നു.

മുൻ ഇന്ത്യൻ ഫുട്ബോളർ കൂടിയായ യുവേന 2003ലാണ് തൻ്റെ ആദ്യ മത്സരം കളിക്കുന്നത്. പിന്നീട് എയര്‍ഫോഴ്‌സ് അക്കാദമിയിലെത്തിയ താരം കളിനിയന്ത്രണത്തിലേക്ക് തിരിയുകയായിരുന്നു. ‘ മറ്റൊരു സ്വപനമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്, രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു ലോകകപ്പുകള്‍ നിയന്ത്രിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ലഭിച്ചിരിക്കുന്നത്, വലിയ സന്തോഷം തോന്നുന്നു’ – യുവേന പ്രതികരിച്ചു.

ഈ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ 24 വരെയാണ് അണ്ടര്‍ 20 വനിതാ ലോകകപ്പ് നടക്കുന്നത്. നാലു ഗ്രൂപ്പുകളില്‍ നിന്നായി 16 രാജ്യങ്ങളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. 2016ല്‍ പാപുവ ന്യൂ ഗിനിയയില്‍ വെച്ച് നടന്ന അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ഫ്രാന്‍സിനെ 3-1ന് കീഴടക്കി നോര്‍ത്ത് കൊറിയ ജേതാക്കളായിരുന്നു.