SHARE

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനം ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി‌ വന്ന ഇന്ത്യ, ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 203/6 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 25/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ 81 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയുടെ ബാറ്റിംഗാണ് വൻ തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്. മഴ വില്ലനായെത്തിയ ആദ്യ ദിനം 68.5 ഓവറുകൾ മാത്രമാണ് എറിയാനായത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ വൻ തകർച്ച യായിരുന്നു തുടക്കം തന്നെ കാത്തിരുന്നത്. 5 റൺസെടുത്ത ഓപ്പണർ മയങ്ക് അഗർവാൾ, 2 റൺസെടുത്ത ചേതേശ്വർ പുജാര, 9 റൺസെടുത്ത നായകൻ വിരാട് കോഹ്ലി എന്നിവർ പവലിയനിൽ തിരിച്ചെത്തുമ്പോൾ ഇന്ത്യൻ സ്കോർ 25/3. ഓപ്പണർ കെ എൽ രാഹുൽ മികച്ച ഫോമിലാണ് ബാറ്റ് ചെയ്ത് മുന്നേറിയത്. എന്നാൽ വ്യക്തിഗത സ്കോർ 44 ൽ നിൽക്കുമ്പോൾ റോസ്റ്റൺ ചേസിന്റെ പന്തിൽ ഷായ് ഹോപ്പിന് ക്യാച്ച് സമ്മാനിച്ച് രാഹുൽ പുറത്താവുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ രഹാനെയും, ഹനുമ വിഹാരിയും ഒത്തുചേർന്നതോടെ ഇന്ത്യ പതുക്കെ മുന്നേറാൻ തുടങ്ങി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ രഹാനെ മികച്ച ഫോമിലായിരുന്നു ബാറ്റ് ചെയ്തത്. 82 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. തുടർന്ന് 32 റൺസെടുത്ത വിഹാരി പുറത്തായി. ഈ‌ സമയം ഇന്ത്യൻ സ്കോർ 175/5. അധികം വൈകാതെ രഹാനെയും പവലിയനിൽ തിരിച്ചെത്തി. 10 ബൗണ്ടറികളടക്കം 81 റൺസായിരുന്നു രഹാനെ നേടിയത്. 20 റൺസെടുത്ത ഋഷഭ് പന്തും, 3 റൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി നിർത്തുമ്പോൾ ക്രീസിൽ.