SHARE

നീണ്ട 16 സീസണുകളുടെ ബാഴ്‌സലോണ ജീവിതത്തിന് ശേഷം സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റ ന്യൂംകാംപിനോട് വിട പറഞ്ഞു. ലാ ലിഗയില്‍ റയല്‍ സോസിഡാഡിനെതിരെ നടന്ന അവസാന മത്സരത്തില്‍ വിജയിച്ച ബാഴ്‌സലോണ കിരീടനേട്ടത്തോടെ ഇനിയെസ്റ്റയ്ക്ക് യാത്രയയപ്പ് നല്‍കുകയും ചെയ്തു. മത്സരത്തില്‍ ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. ഇനിയെസ്റ്റയുടെ പേരെഴുതിയ ജേഴ്‌സി താരങ്ങളെല്ലാം ധരിച്ച് കൊണ്ടാണ് കിരീടനേട്ടം ആഘോഷിച്ചത്.

1994ല്‍ തന്റെ 10ാം വയസ്സില്‍ സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ക്ലബ് അൽബസെറ്റെയിലൂടെയാണ് ഇനിയേസ്റ്റ യൂത്ത് കരിയര്‍ ആരംഭിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷം താരം ബാഴ്‌സലോണയുടെ യൂത്ത് ടീമിലെത്തി. ആ 12 കാരന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ ബി ടീമിലും തൊട്ടടുത്ത സീസണില്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിലും സ്ഥാനം പിടിച്ചു. 17ാം വയസ്സില്‍ ആരംഭിച്ച പ്രൊഫഷണല്‍ കരിയറിനിടയില്‍ 675 തവണയാണ് സ്പാനിഷ് വമ്പന്‍മാര്‍ക്ക് അദ്ദേഹം കളത്തിലിറങ്ങിയത്.

നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഒമ്പതു ലാ ലിഗ കിരീടങ്ങളും ആറു കോപ ഡെല്‍ റെ ട്രോഫികളും ഇക്കാലയളവിനുള്ളില്‍ ഇനിയെസ്റ്റ ബാഴ്‌സക്ക് വേണ്ടി നേടി. താരവുമായി ബാഴ്‌സക്ക് ആജീവനനാന്ത കരാറാണ് ഉണ്ടായിരുന്നത്. താരത്തിന് ആവശ്യമെങ്കില്‍ സീസണ്‍ അവസാനം ക്ലബ് വിടാമായിരുന്നു. ഒടുവില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ മികച്ച അവസരം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് ഇനിയെസ്റ്റ പടിയിറങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ കളി മതിയാക്കില്ലെന്നും, ജപ്പാനിലോ, ചൈനീസ് ലീഗിലോ ഇനിയും കാണാമെന്നാണ് ഇനിയെസ്റ്റ നല്‍കുന്ന സൂചന. സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടി 125 മത്സരങ്ങളും ഇനിയെസ്റ്റ കളിച്ചിട്ടുണ്ട്.