SHARE

ഇന്നലെ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട ഓസ്ട്രേലിയൻ യുവ ഓപ്പണർ വിൽ പുകുവോസ്കിക്ക് ഇന്ത്യയ്ക്കെതിരെ നാളെ ബ്രിസ്ബെയിനിൽ ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റ് മത്സരം നഷ്ടമാകും. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഓസ്ട്രേലിയൻ നായകൻ ടിം പെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുകുവോസ്കിക്ക് പകരം മാർക്കസ് ഹാരിസ് നാലാം ടെസ്റ്റിൽ കളിക്കുമെന്നും പെയിൻ ഇതിനൊപ്പം അറിയിച്ചു.

ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന പുകുവോസ്കി, സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഓസീസ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്‌‌. തന്റെ കന്നി ടെസ്റ്റ് ഇന്നിംഗ്സിൽ തകർപ്പൻ അർധ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിന്റെ വലിയ കൈയ്യടികൾ അദ്ദേഹം നേടിയിരുന്നു. എന്നാൽ ഈ മത്സരത്തിന്റെ അഞ്ചാം ദിനം ഫീൽഡ് ചെയ്യുന്നതിനിടെ പുകുവോസ്കിയുടെ തോളിന് പരിക്കേൽക്കുകയായിരുന്നു. അതാണിപ്പോൾ താരത്തെ നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

അതേ സമയം പുകുവോസ്കിക്ക് പകരമെത്തുന്ന മാർക്കസ് ഹാരിസാകും നാലാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ അഡലെയ്ഡിൽ നടന്ന മത്സരത്തിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹാരിസിന് 9 ടെസ്റ്റുകളുടെ പരിചയ സമ്പത്താണുള്ളത്.