SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റിന്റെ ആശങ്കയേറ്റി വിദേശതാരങ്ങളുടെ പരുക്ക്. നാളെ ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിനിറങ്ങുന്ന നോർത്ത് ഈസ്റ്റിന്റെ സ്ക്വാഡിൽ ഉറപ്പുള്ളത് രണ്ട് വിദേശതാരങ്ങൾ മാത്രം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് പരിശീലകൻ ഖാലിദ് ജമീൽ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

യുറു​ഗ്വെ സൂപ്പർതാരം ഫെഡെറിക്കോ ​ഗാല്ലെ​ഗോ പരുക്കേറ്റതോടെ ഐഎസ്എല്ലിൽ നിന്ന് പിന്മാറി. ഇതോടെയിപ്പോൾ അഞ്ച് വിദേശികളെ ക്ലബിന്റെ സ്ക്വാഡിലുള്ളു. ഇതിൽ തന്നെ ജമൈക്കൻ ഫോർവേഡ് ദെഷോൺ ബ്രൗൺ നാളത്തെ മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പാണ്. ഹാംസ്ട്രി​ങ് ഇഞ്ച്വറിയെത്തുടർന്നാണ് ബ്രൗണിന് കളിക്കാൻ കഴിയാത്തത്. ബ്രൗണിന് പുറമെ ക്ലബ് ക്യാപ്റ്റന്മാരിലൊരായ സ്പാനിഷ് താരം ഹെർനൻ സന്റാന, മൗറിറ്റാനിയ താരം ഖാസ കമാറ എന്നിവരും നാളത്തെ മത്സരത്തിൽ കളിക്കുമോയെന്ന് സംശയമാണ്.

ഈ സാഹചര്യത്തിൽ നാളത്തെ മത്സരത്തിൽ മാർട്ടിനെക്വെ ഫോർവേഡ് മത്യാസ് കോറിയൂർ, ഓസ്ട്രേലിയൻ സെന്റർ ബാക്ക് പാട്രിക്ക് ഫ്ലോട്ട്മാൻ എന്നിവരാണ് നോർത്ത് ഈസ്റ്റിനായി കളിക്കുമെന്ന ഉറപ്പുള്ള വി​​ദേശികൾ. സന്റാനയോ കമാറയോ തിരിച്ചെത്തിയില്ലെങ്കിൽ നോർത്ത് ഈസ്റ്റിനായി രണ്ട് വിദേശികൾ മാത്രമെ കളത്തിലിറങ്ങു.