SHARE

രഞ്ജി ട്രോഫിയിൽ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ കേരളത്തിന് കനത്ത തിരിച്ചടി. ടീമിലെ പ്രധാന താരങ്ങളായ റോബിൻ ഉത്തപ്പയും, ബേസിൽ തമ്പിയും പരിക്കിന്റെ പിടിയിലായതാണ് ടീമിന് തലവേദനയായിരിക്കുന്നത്‌. പരിക്കിനെത്തുടർന്ന് ഈ മാസം പത്തൊൻപതാം തീയതി രാജസ്ഥാനെതിരെ ആരംഭിക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ ഇരുവർക്കും കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്.

പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു സീനിയർ താരം റോബിൻ ഉത്തപ്പയ്ക്ക് പരിക്കേറ്റത്‌. കാൽപ്പദത്തിന് പരിക്കേറ്റ താരം പരിശോധനകൾക്കായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയിക്കഴിഞ്ഞു. വലം കൈയ്യൻ പേസറായ ബേസിൽ തമ്പിയുടേയും കാൽപ്പാദത്തിലാണ് പരിക്ക്. ടീമിന്റെ പ്രധാന താരങ്ങളായ ഇരുവരും പുറത്താകുന്നത് കേരളത്തെ ദുർബലരാക്കുമെന്നാണ് കരുതപ്പെടുന്നത്.

സീനിയർ താരങ്ങളായ സഞ്ജു സാംസണും, സന്ദീപ് വാര്യരും നേരത്തെ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡ് പര്യടനത്തിനായി പോയിരുന്നു. ഇവർക്ക് പുറമേ ഉത്തപ്പയുടേയും, ബേസിലിന്റേയും സേവനം കൂടി നഷ്ടമാകുന്നത് ടീമിനെ തളർത്തും. അതേ സമയം ഉത്തപ്പയ്ക്കും, ബേസിൽ തമ്പിയ്ക്കും പകരം റോഹൻ എസ് കുന്നുമ്മേലും, അഭിഷേക് മോഹനും ടീമിലെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം പത്തൊൻപതാം തീയതി തിരുവനന്തപുരത്താണ് കേരള- രാജസ്ഥാൻ മത്സരം.