SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച്ച തുടങ്ങാനിരിക്കെ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പരിക്കുമൂലം കളിക്കാനാകില്ലെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ പരിക്ക് ഇന്ത്യയ്ക്ക് ഗുണമാണെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിക്ക് പറയാനുള്ളത്. കാരണവും കൃത്യമായി തന്നെ മൂഡി പങ്കുവയ്ക്കുന്നുണ്ട്.

പെര്‍ത്തിലെ പിച്ച് പേസര്‍മാരുടെ സ്വര്‍ഗമാണ്. ഈ പിച്ചില്‍ ഒരു സ്പിന്നറെ കളിപ്പിക്കുന്നതിന് പകരം നാലാമതൊരു പേസറെ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ അശ്വിനെ പോലെ ആദ്യ മത്സരത്തില്‍ തിളങ്ങിയ ബൗളറെ മാറ്റാന്‍ ആരും തയാറാകില്ലല്ലോ. പക്ഷേ പരിക്കേറ്റതിനാല്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായും മറ്റൊരു പേസറെ കളിപ്പിക്കാം. ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് ഈ റോളിലേക്ക് ഉചിതം- മൂഡി പറയുന്നു.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളൊന്നും ഇല്ലെങ്കിലും ഹനുമ വിഹാരിയുടെ പാര്‍ട്ട്‌ടൈം സ്പിന്നിനെ കുറച്ചധികം ആശ്രയിക്കാമെന്നും മൂഡി പറയുന്നു. മത്സരത്തിനു തലേന്നു തന്നെ ഇന്ത്യ പതിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിതിനും അശ്വിനും പുറമെ പരിശീലന മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും ടീമിലില്ല.