SHARE

പരിക്ക് തുടര്‍ക്കഥയായി മാറിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ലുംഗിസാനി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും കളിക്കില്ല. ഹാംസ്ട്രിംഗ് ഇഞ്ചുറിയായതിനാല്‍ താരം ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് ടീം മാനേജ്‌മെന്റ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ സാന്‍സി സൂപ്പര്‍ ലീഗിന്റെ ഫൈനലും താരത്തിന് നഷ്ടമാകും.

എംഎസ്എല്‍ ടി20 പ്ലേ ഓഫിന്റെ വാം അപ്പിന്റെ സമയത്തായിരുന്നു താരത്തിന് പരിക്കേറ്റത്. ജനുവരിയോടെ മാത്രമെ പരിക്ക് ഭേദമായി തിരിച്ചെത്താനാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം പരിക്ക് ഭേദമാക്കി താരത്തെ തിരികെ ഗ്രൗണ്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടീമിന്റെ മെഡിക്കല്‍ സംഘം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ലുംഗിസാനിക്ക് ഇടിയ്ക്കിടെ ഉണ്ടാകുന്ന പരിക്കുകള്‍ കാരണം ഇതുവരെ അഞ്ച് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എകദിനത്തില്‍ ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.

ലോകകപ്പിലെ ചില മത്സരങ്ങള്‍ പോലും പരിക്കിനെ തുടര്‍ന്നു നഷ്ടമായ ലുംഗിസാനിക്ക് കഴിഞ്ഞ തവണ ഐപിഎല്ലിനു മുമ്പും പരിക്കേറ്റിരുന്നു.