2022 ലോകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ നിന്നും ഐഎസ്എല്‍ താരം രാഹുല്‍ ബെക്കെ പുറത്ത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് രാഹുലിന് മത്സരം നഷ്ടമാകുന്നത്. ഒക്ടോബര്‍ 15 ന് കൊല്‍ക്കത്തയിലാണ് മത്സരം. ഇതിനു മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഗുവാഹത്തിയില്‍ നടന്നു വരികയാണ്.
എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഇതുവരെ പരിശീലന ക്യാമ്പിന്റെ ഭാഗമാകാന്‍ രാഹുലിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കുമൂലമാണ് രാഹുല്‍ പരിശീലനത്തില്‍ പങ്കാളിയാകാത്തതെന്നും ബംഗ്ലാദേശിനെതിരെ കളക്കില്ലെന്നും എത്രയും പെട്ടെന്നു സുഖമായി തിരിച്ചുവരട്ടെയെന്നുമായിരുന്നു അസോസിയേഷന്റെ കുറിപ്പ്.
ഐഎസ്എല്ലില്‍ ബംഗളുരു എഫ്സിയുടെ താരമാണ് രാഹുല്‍. ഏഷ്യയിലെ കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിറങ്ങുന്നത്