SHARE

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ പന്തെറിയുന്നതിനിടെ പരിക്കേറ്റ് ഓസ്ട്രേലിയ സ്റ്റാർ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. തന്റെ രണ്ടാം ഓവറിലെ രണ്ടാം പന്ത് എറിയാൻ ഓടിയെത്തവെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഇതോടെ റണ്ണപ്പ് നിർത്തിയ താരം പിന്നാലെ ഓവർ മതിയാക്കി മൈതാനം വിടുകയും ചെയ്തു. ടി20 ലോകകപ്പിന് ഒരു മാസത്തിൽത്താഴെ മാത്രം സമയം ബാക്കി നിൽക്കവെ ഓസ്ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന കാര്യമാണിത്.

സ്റ്റോയിനിസ് പരിക്കിനെത്തുടർന്ന് കളം വിട്ടതിന് പിന്നാലെ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ആ ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തുകൾ എറിഞ്ഞത്. താരത്തിന്‌ പകരക്കാരനായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഫീൽഡിലുമെത്തി. ഡെൽഹി അനായാസ വിജയം നേടിയ മത്സരത്തിൽ സ്റ്റോയിനിസിന് ബാറ്റിംഗിനിറങ്ങേണ്ടി‌യും വന്നില്ല.

അതേ സമയം ഐപിഎല്ലിന്റെ ആദ്യ പാദത്തിന് ശേഷം മാർക്കസ് സ്റ്റോയിനിസ് കളിക്കുന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ളത്. ബയോ ബബിളിൽ തങ്ങാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി‌ ഐപിഎല്ലിന് ശേഷം നടന്ന ഓസ്ട്രേലിയയുടെ വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു‌.