SHARE

ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് വൻ പ്രതീക്ഷയോടെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയ അത്ഭുത സ്പിന്നർ വരുൺ ചക്രവർത്തിക്ക് പരിക്ക്. നേരത്തെ ഈ മാസമാദ്യം ചെന്നൈ ‌സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. വിരലിനേറ്റ പരിക്കിനെത്തുടർന്ന് പിന്നീട് ടീമിന് വെളിയിലായ വരുണിന് ഈ ‌സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് നഷ്ടമാകുമെന്നാണ് സൂചന.

നേരത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് 8.4 കോടി രൂപ മുടക്കി പഞ്ചാബ് സ്വന്തമാക്കിയ വരുൺ ചക്രവർത്തി ഈ ‌സീസണിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായഈ മത്സരത്തിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച താരത്തിന് പിന്നീട് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. പോയ സീസൺ തമിഴ്നാട് പ്രീമിയർ ലീഗിൽ നടത്തിയ മിന്നും പ്രകടനമായിരുന്നു പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ലേലത്തിൽ വരുണിനെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാക്കി മാറ്റിയത്‌. ടൂർണമെന്റിൽ മധുര പാന്തേഴ്സിനെ ആദ്യ കിരീടം നേടുന്നതിലേക്ക് നയിച്ച വരുണിന്റെ ടൂർണമെന്റിലെ എക്കോണമി 4.7 ആയിരുന്നു.