SHARE

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമി ക്ലബ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷമാണ് ബെക്കാം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ മിയാമി ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. അടുത്ത സീസണ്‍ മുതല്‍ ടീം ലീഗില്‍ കളിച്ചു തുടങ്ങും.

കഴിഞ്ഞദിവസം ബെക്കാമിന്റെ ക്ലബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ പോള്‍ മഗ്നെഫ് ലണ്ടനിലെത്തി മെസിയുടെ പിതാവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണം. മെസിയുടെ ഫുട്‌ബോള്‍ ഉപദേശകന്‍ കൂടിയാണ് പിതാവ്. ഈ സീസണിന്റെ ഒടുവില്‍ മെസിക്ക് വേണമെങ്കില്‍ ബാഴ്‌സ വിടാമെന്ന് ബാഴ്‌സലോണ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മേജര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മെസിയെ പോലെ തലയെടുപ്പുള്ള ഒരു താരത്തെ ലഭിക്കുന്നത് ബെക്കാമിന്റെ ക്ലബിന്റെ വിപണിമൂല്യം പലകുറിയായി ഉയര്‍ത്തും. മെസിയുടെ സാന്നിധ്യം സാമ്പത്തികമായും ബെക്കാമിന്റെ ക്ലബിന് ഗുണകരമാണ്. ബാഴ്‌സയിലെ മെസിയുടെ സഹതാരം ലൂയിസ് സുവാരസുമായും ബെക്കാമിന്റെ ക്ലബ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.