SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാന്റെ സ്റ്റാർ സെന്റർ ബാക്ക് മിലൻ സ്ക്രിനിയർ സീസണൊടുവിൽ ക്ലബ് വിട്ടേക്കും. ജൂണിൽ കരാർ അവസാനിക്കുന്ന താരത്തെ റാഞ്ചാൻ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് മുന്നിലുള്ളത്. ​ഗോൾ ഡോട്ട് കോമടക്കം വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

27-കാരനായ സ്ക്രിനിയർ സ്ലോവാക്യ ദേശീയ ടീം ക്യാപ്റ്റൻ കൂടിയാണ്. നേരത്തെ ഈ സീസണിന് മുമ്പായി താരത്തെ റാഞ്ചാൻ പിഎസ്ജി ശ്രമിച്ചതാണ്. താരത്തിന്റെ പ്രതിനിധികളുമായി പിഎസ്ജിയുടെ ചർച്ചകൾ വളരെയേറെ മുന്നേറുകയും ചെയ്തിരുന്നു. എന്നാൽ അവസാനനിമിഷം ഇന്ററിൽ തുടരാൻ സ്ക്രിനിയർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനുശേഷം പുതിയ കരാർ ഇന്റർ വാ​ഗ്ദാനം ചെയ്തെങ്കിലും അതിനോട് യോജിക്കാൻ സ്ക്രിനിയർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സീസണൊടുവിൽ ക്ലബ് വിടാനുള്ള നീക്കം.

ഇപ്പോൾ കരാറിൽ ആറ് മാസം മാത്രം ശേഷിക്കെ മറ്റ് ക്ലബുകളുമായി ചർച്ചകൾ സ്ക്രിനിയറിന്റെ ഏജന്റ് റോബെർട്ടോ സിസ്റ്റിസി തുടങ്ങിക്കഴിഞ്ഞു. പിഎസ്ജിയുമായും ഇറ്റലിക്ക് പുറത്തുള്ള ചില ക്ലബുകളുമായി ചർച്ചകൾ നടന്നെന്ന് സിസ്റ്റിസി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.