SHARE

ബാഴ്സലോണയടക്കമുള്ള സൂപ്പർ ക്ലബുകൾ നോട്ടമിട്ട് രം​ഗത്തെത്തിയതോടെ ലോത്താരോ മാർട്ടിനെസിനെ പിടിച്ചുനിർത്താൻ ശ്രമങ്ങളുമായി ഇന്റർ മിലാൻ. താരത്തെ വിട്ടുനൽകാനുള്ള റിലീസ് ക്ലോസ് തുക ഇരട്ടിയോളമാക്കി ഉയർത്താനാണ് ഇന്റർ അലോചിക്കുന്നതെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർ മിലാനും അർജന്റീന ദേശീയ ടീമിനുമായി നടത്തുന്ന മിന്നുന്ന പ്രകടനമാണ് മാർട്ടിനെസിനെ യൂറോപ്പിലെ ഏറ്റവും ആവശ്യക്കാരുള്ള താരമാക്കി മാറ്റിയത്. വിവിധ ക്ലബുകളിൽ നിന്ന് താൽപര്യം പ്രകടിപ്പിക്കുന്നതിനിടേയും താൻ ഇന്ററിൽ തൃപ്തനാണെന്നാണ് മാർട്ടിനെസ് പറയുന്നത്. എങ്കിലും ബാഴ്സയടക്കം വട്ടം ചുറ്റുമ്പോൾ മാർട്ടിനെസിനെ പിടിച്ചുനിർത്തിയേ അടങ്ങു എന്ന വാശിയിലാണ് ഇന്റർ. ഇതിനായി മാർട്ടിനെസുമായി പുതിയ കരാർ ചർച്ചകൾ നടത്തുകയാണ് ഇറ്റാലിയൻ വമ്പന്മാർ.

2023- വരെ കരാർ പുതുക്കുന്ന കാര്യമാണ് ഇന്റർ ചർച്ച ചെയ്യുന്നത്. ഇതിൽ മാർട്ടിനെസിന്റെ റിലീസ് ക്ലോസ് തുക 200 ദശലക്ഷം യൂറോ ആയി ഉയർത്തുമെന്നാണ് സൂചന. നിലവിൽ 111 ദശലക്ഷം യൂറോയാണ് മാർട്ടിനെസിന്റെ റിലീസ് ക്ലോസിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക. റിലീസ് ക്ലോസ് തുക ഉയർത്തുന്നതിനൊപ്പം മാർട്ടിനെസിന്റെ പ്രതിഫലത്തുക ഇരട്ടിയാക്കാനും ഇന്റർ ആലോചിക്കുന്നുണ്ട്. നിലവിൽ രണ്ട് ദശലക്ഷം യൂറോയാണ് മാർട്ടിനെസിന്റെ വാർഷിക പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.