SHARE

ഇറ്റാലിയൻ സെരി എയിൽ യുവന്റസിന്റെ കുത്തക അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്ത തരത്തിലാണ് ഇക്കുറി ഇന്റർ മിലാൻ. പുതിയ പരിശീലകനായെത്തിയ അന്റോണിയോ കോണ്ടെയുടെ കീഴിൽ മിന്നുന്ന പ്രകടനമാണ് അവർ നടത്തുന്നത്. സീസൺ ക്രിസ്മസിന് പിരിയുമ്പോൾ 42 പോയിന്റുമായി ലീ​ഗിൽ ഒന്നാമതാണ് ഇന്റർ. യുവന്റസിനും അത്ര തന്നെ പോയിന്റുണ്ടെങ്കിലും ​ഗോൾവ്യത്യാസത്തിൽ രണ്ടാമതാണ്.

സീസൺ രണ്ടാം പകുതിയിലേക്ക് പിന്നിടുമ്പോൾ ലീ​ഗ് ആവേശകരമായി മാറുകയാണ്. ഇതോടെ ലീ​ഗ് കിരീടം തിരിച്ചുപിടക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് ഇന്ററും കോണ്ടെയും. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായി ഇടപെടാൻ തന്നെയാണ് കോണ്ടെയുടെ തീരുമാനം. പ്രധാനമായും രണ്ട് താരങ്ങളെയാണ് കോണ്ടെ ജനുവരിയിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ബാഴ്സയുടെ മധ്യനിരതാരം അർട്ടൂറോ വിദാലും ചെൽസിയുടെ ലെഫ്റ്റ് ബാക്ക് മാർക്കോസ് അലോൺസോയുമാണ് കോണ്ടെയുടെ ലിസ്റ്റിലെ താരങ്ങൾ.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ഇന്റർ ടീമിലെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട താരമാണ് വിദാൽ. എന്നാലിപ്പോൾ ബാഴ്സലോണയിൽ ആദ്യ ഇലവനിൽ തീരെ അവസരം ഇല്ലാതായ സാഹചര്യത്തിൽ ക്ലബ് വിടാൻ വിദാൽ ആലോചിക്കുന്നുണ്ട്. ഈ അവസരം മുതലാക്കിയാണിക്കുറി ഇന്ററിന്റെ ഇടപെടൽ. ഇന്ററിലെത്തിയാൽ ആദ്യ ഇലവനിൽ വിദാൽ സ്ഥിരം സാന്നിധ്യമാകുമെന്ന കാര്യം ഉറപ്പാണ്. മുമ്പ് കോണ്ടെയുടെ കീഴിൽ ചെൽസിയിൽ തിളങ്ങിയ താരമാണ് അലോൺസോ. എന്നാലിപ്പോൾ ടീമിൽ അവസരം കുറഞ്ഞിരിക്കുകയാണ്.

ഈ രണ്ട് താരങ്ങളേയും സ്വന്തമാക്കാനുള്ള താൽപര്യം ഇന്റർ പ്രകടിപ്പിച്ചുകഴിഞ്ഞു. വിദാലിന്റെ കാര്യത്തിൽ ചർച്ചകൾ തുടരുന്നതായാണ് സൂചനകൾ. എന്നാൽ അലോൺസോയെ സ്വന്തമാക്കാൻ ഇന്ററിന് അധിക ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ.