SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാൻ വലിയ അഴിച്ചുപണിയുടെ വക്കിലാണ്. പരിശീലകനായിരുന്ന അന്റോണിയോ കോണ്ടെ ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പർതാരം അഷ്റഫ് ഹക്കീമിയും ഇന്ററിന് പുറത്തേക്ക് പോയിരുന്നു. സൂചനകൾ പ്രകാരം ഇന്റർ നിരയിൽ നിന്ന് ഇനിയും സൂപ്പർതാരങ്ങൾ ക്ലബ് വിട്ടേക്കും

റിപ്പോർട്ടുകൾ പ്രകാരം ഇന്ററിന്റെ ബെൽജിയൻ സൂപ്പർതാരം റൊമേലു ലുക്കാക്കു ഇം​ഗ്ലീഷ് ക്ലബ് ചെൽസിയിലേക്ക് കൂടുമാറും. പ്രശസ്ത ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തുകഴിഞ്ഞു. മുമ്പ് ചെൽസിക്കായി കളിച്ചിട്ടുള്ള താരമാണ് ലുക്കാക്കു. ആദ്യം ലുക്കാക്കുവിനെ വിൽക്കാൻ ഇന്റർ താൽപര്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 2019-20 സീസണിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഇന്റർ ലുക്കാക്കുവിനെ സ്വന്തമാക്കിയത്.

സൂചനകൾ പ്രകാരം ലുക്കാക്കുവിന് പകരം യുണൈറ്റഡിൽ നിന്ന് തന്നെ ഒരു താരത്തെ കൊണ്ടുവരാനാണ് ഇന്ററിന്റെ നീക്കം. ദ മിററിന്റെ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് താരം ആന്റണി മാർഷ്യലിലാണ് ഇന്ററിന്റെ കണ്ണുടക്കിയിരിക്കുന്നത്. മാർഷ്യലിനെ യുണൈറ്റഡും വിൽക്കാൻ ആ​ഗ്രഹിക്കുന്നുണ്ട്. ഏതാണ്ട് 50 ദശലക്ഷം യൂറോ അടുത്ത് ട്രാൻസ്ഫർ ഫീ ലഭിച്ചാൽ യുണൈറ്റഡ് ഈ ഫ്രഞ്ച് സ്ട്രൈക്കറെ വിൽക്കും.