SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാന്റെ സൂപ്പർതാരവും മുൻ നായകനുമായ മൗറോ ഇക്കാർഡി ടീം ക്യാമ്പ് വിട്ടു. പ്രീ സീസൺ പര്യടനത്തിന് മുന്നോടിയായി സ്വിറ്റ്സർലൻഡിൽ പരിശീലനം നടത്തുന്ന ടീമിൽ നിന്നാണ് ഇക്കാർഡി മടങ്ങിപ്പോയത്.

സ്വിറ്റ്സർലനൻഡിലെ പരിശീലനത്തിന് ശേഷം ഏഷ്യൻ രാജ്യങ്ങളിലേക്കാണ് മിലാൻ പ്രീസീസൺ മത്സരങ്ങൾക്കായെത്തുന്നത്. എന്നാൽ ടീമിനൊപ്പം പോകുന്നില്ലെന്നും ഇക്കാർഡി ഇറ്റിലിയിലേക്ക് മടങ്ങുകയാണെന്നും ക്ലബ് അറിയിച്ചു. ഇതോടെ അർജന്റൈൻ സൂപ്പർതാരമായ ഇക്കാർഡി ഇന്റർ മിലാൻ വിടാനുള്ള സാധ്യതയേറി. ഇറ്റലിയിൽ തിരിച്ചെത്തുന്ന ഇക്കാർഡി മറ്റ് ക്ലബുകളുമായി ചർച്ചകളിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ഇക്കാർഡിയും ക്ലബും തമ്മിലിടഞ്ഞത്. ഇതോടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ ഇക്കാർഡി ഏറെ നാൾ ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതിനുപിന്നാലെ ഇക്കുറി അന്റോണിയോ കോണ്ടെ ഇന്റർ പരിശീലകനായി എത്തുകയും ചെയ്തതോടെയാണിപ്പോൾ ഇക്കാർഡിക്ക് പുറത്തേക്ക് വഴിതെളിയുന്നത്. ഇറ്റാലിയൻ ക്ലബുകൾ തന്നെയായ യുവന്റസും റോമയും ഇക്കാർഡിക്കായി ശ്രമം നടത്തുന്നുണ്ട്.