SHARE

രണ്ടാം എഡിഷൻ ഇന്റർകോണ്ടിനന്റൽ കപ്പിന് നാളെ അഹമ്മദാബാദിൽ തുടക്കമാകും. ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ മൊത്തം 4 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടീമുകളെല്ലാം പരസ്പരം ഏറ്റുമുട്ടിയതിന് ശേഷം ഏറ്റവുംകൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ജൂലൈ 19 -ം തീയതി നടക്കുന്ന കലാശപ്പോരാട്ടത്തിൽ മത്സരിക്കും.

ഫിഫ റാങ്കിംഗിൽ 85-ം സ്ഥാനത്തുള്ള സിറിയയാണ് ഇന്റർകോണ്ടിനന്റൽ കപ്പിനെത്തുന്ന ഏറ്റവും മികച്ച ടീം. ഇന്ത്യ 101-ം റാങ്കിലും, തജിക്കിസ്ഥാൻ, കൊറിയ എന്നിവർ യഥാക്രമം 120, 122 റാങ്കിലുമാണ് നിലവിൽ ഉള്ളത്. ടൂർണമെന്റിന് ഫിഫ പോയിന്റ്സ് ഇല്ലാത്തതിനാൽ ഇന്റർകോണ്ടിനന്റൽ കപ്പിലെ മത്സരഫലങ്ങൾ ടീമുകളുടെ ഫിഫ റാങ്കിംഗിനെ ബാധിക്കില്ല.

കഴിഞ്ഞ വർഷം മുംബൈയിലായിരുന്നു ടൂർണമെന്റ് നടന്നതെങ്കിൽ ഇത്തവണ അഹമ്മാദാബാദാണ് ഇന്റർകോണ്ടിനന്റൽ കപ്പിന് വേദിയാകുന്നത്. ഇന്ത്യയ്ക്ക് പുറമേ ന്യൂസിലൻഡും, കെനിയയും, ചൈനീസ് തായ്പേയുമായിരുന്നു പോയ വർഷം ഇന്റർകോണ്ടിനന്റൽ കപ്പ് കളിക്കാനുണ്ടായിരുന്നത്. കലാശപ്പോരാട്ടത്തിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് പ്രഥമ ടൂർണമെന്റിൽ കിരീടം ചൂടിയത്. ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇത്തവണ മത്സരങ്ങളുടെയെല്ലാം കിക്കോഫ്. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.