SHARE

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ലിവര്‍പൂളിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സിറ്റിയെ തോല്‍പ്പിച്ചത്. മുഹമ്മദ് സലായും സാദിയോ മാനെയുമാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്. സിറ്റിയുടെ ആശ്വാസ ഗോള്‍ ലെറോയ് സാനെ നേടി.

മത്സരത്തിന്റെ 57ാം മിനുട്ടില്‍ സിറ്റിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആറു മിനുട്ടില്‍ മുഹമ്മദ് സലാ ലിവര്‍പൂളിന് വേണ്ടി തിരിച്ചടിച്ചു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മാനെ ടീമിനെ ജയിപ്പിക്കുകയും ചെയ്തു. ടൂര്‍ണ്ണമെന്റില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആന്‍ഡ്രിയ ഫാവില്ലിയുടെ വകയായിരുന്നു രണ്ടു ഗോളുകളും.

എ എസ് റോമക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ടോട്ടനം ഹോട്‌സ്പറും വിജയിച്ചു. ഫെര്‍ണാണ്ടോ ലോറന്റെയും ലൂക്കാസ് മൗറയും ടോട്ടനത്തിന് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. ബൊറൂസിയക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ബെന്‍ഫിക്ക വിജയിച്ചത്. നിശ്ചിത സമയവും അധികസമയവും പിന്നിടുമ്പോള്‍ മത്സരം 2-2 സമനിലയായിരുന്നു.