SHARE

അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നോ ബോള്‍ കണ്ടു പിടിക്കേണ്ടത് ഇനി മൂന്നാം അമ്പയറുടെ പണിയാകുന്നു. ബോള്‍ ചെയ്യുമ്പോള്‍ ബൗളറെ നിരീക്ഷിച്ച് ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്തേണ്ട പണിയായിരിക്കും തേഡ് അമ്പയര്‍ക്കുള്ളത്. ബൗളര്‍ ഓവര്‍ സ്‌റ്റെപ്പ് ചെയ്യുന്നുണ്ടോ എന്ന് കൃത്യമായി കണ്ടെത്തണം.

തുടര്‍ന്ന് ഇത് ഫീല്‍ഡ് അമ്പയറെ അറിയിക്കണം. ഇതിനു ശേഷമാവും ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ഇനി തേഡ് അമ്പയറുടെ നിര്‍ദ്ദേശമില്ലാതെ നോ ബോള്‍ വിളിക്കില്ല. നോ ബോളുകള്‍ വിളിക്കൂമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം എപ്പോളും ബൗളര്‍ക്കായിരിക്കും. ഐസിസി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

-Advertisement-

നോ ബോള്‍ വിളിക്കാന്‍ താമസിച്ചതിന്റെ പേരില്‍ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ പിന്നീട് പുറത്തായ ബാറ്റ്‌സ്മാനെ തിരിച്ചു വിളിക്കും. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. മറ്റ് ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങളെല്ലാം ഫീല്‍ഡ് അമ്പയര്‍ തന്നെയാകും കൈക്കൊള്ളുക.