SHARE

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് പനാമ. ആദ്യം ലീഡെടുത്തതിന് ശേഷമാണ് മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങിയത്. പരിക്കിനെത്തുടർന്ന് സൂപ്പർ താരം നെയ്മർ ബ്രസീലിന് വേണ്ടി കളിച്ചില്ല.

മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുറ്റിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിനായി ഗോൾ നേടിയത്. എന്നാൽ പക്വേറ്റയുടെ ഗോളിൽ മുന്നിലെത്തിയ ബ്രസീലിന് ലീഡ് അധിക നേരം നിലനിർത്താനായില്ല. നാല് മിനുറ്റുകൾക്ക് ശേഷം മക്കാഡോ നേടിയ ഗോളിൽ പനാമ മത്സരം ഒപ്പം പിടിച്ചു. പിന്നീട് മത്സരത്തിൽ മുന്നിലെത്താനുള്ള നിരവധി സുവർണാവസരങ്ങൾ ബ്രസീലിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. മാർച്ച് ഇരുപത്തിയേഴാം തീയതി ചെക്ക് റിപ്പബ്ലിക്കുമായാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം.

ഇന്നലെ നടന്ന മറ്റ് സൗഹൃദ മത്സരങ്ങളിൽ പെറു 1-0 ന് പരാഗ്വേയേയും, മെക്സിക്കോ 3-1 ന് ചിലിയേയും, തോൽപ്പിച്ചപ്പോൾ ഗ്വാട്ടിമാല കോസ്റ്റാറിക്കയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം നേടി.

യൂറോ‌കപ്പ്‌ യോഗ്യതാ മത്സരങ്ങളിൽ ഇറ്റലി, സ്പെയിൻ, സ്വീഡൻ ടീമുകളും ജയം കണ്ടു. ഇറ്റലി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലൻഡിനേയും, സ്പെയിൻ 2-0 ന് നോർവേയേയും പരാജയപ്പെടുത്തിയപ്പോൾ റൊമാനിയക്കെതിരെ 2-1 നായിരുന്നു സ്വീഡന്റെ ജയം.