SHARE

ഫുട്ബോൾ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു 2006 ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ സിനദിൻ സിദാൻ ഇറ്റലി താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിടുകയും തുടർന്ന് റഫറിയിൽ നിന്ന് ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയതും. ആ സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷം അന്ന് ചുവപ്പ് കാർഡ് നൽകുന്നതിലേക്ക് തന്നെ നയിച്ച കാരണം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് മത്സരം നിയന്ത്രിച്ചിരുന്ന ഹോറാസിയോ എലിസോണ്ടോ.

ഫ്രാൻസ് സൂപ്പർ താരം സിനദീൻ സിദാന് അന്ന് റഫറി ചുവപ്പ് കാർഡ് നൽകിയത് ഫുട്ബോൾ ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തിയിരുന്നു. സംഭവം നടക്കുമ്പോൾ റഫറി ആ പരിസരത്ത് ഇല്ലാതിരുന്നതും, അത് അദ്ദേഹം കണ്ടിട്ടില്ലെന്നതുമായിരുന്നു ഇതിന് കാരണം. 2006 ൽ നടന്ന ആ വിവാദ സംഭവത്തെക്കുറിച്ച് റഫറി പറയുന്നതിങ്ങനെ, ” അന്ന് തന്റെ മുപ്പതോ നാൽപ്പതോ മീറ്റർ അപ്പുറത്ത് മറ്റരാസി താഴെ വീണ് കിടക്കുന്നത് കണ്ടാണ് താൻ കളി നിർത്തി വെച്ചത്‌. അവിടെ എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ല, താൻ സഹ റഫറിമാരോട് ഇതിനെപ്പറ്റി ചോദിച്ചു, എന്നാൽ തങ്ങളൊന്നും കണ്ടില്ലെന്നായിരുന്നു അവരും നൽകിയ മറുപടി.

അപ്പോളാണ് ഒരു രക്ഷകനെപ്പോലെ ഫൈനൽ മത്സരത്തിന്റെ നാലാംമാച്ച് ഒഫീഷ്യലായ ലൂയിസ് മെദിന കാന്റലജോ എനിക്കരികിലെത്തിയത്‌. അദ്ദേഹമാണ് സിദാൻ തന്റെ തല ഉപയോഗിച്ച് മറ്റരാസിയെ ഇടിച്ചെന്നും, വളരെ ഗുരുതരമാണ് സംഭവമെന്നും എനിക്ക് പറഞ്ഞു തന്നത്. അവിടെ നടന്ന‌ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ താൻ പിന്നീട് ചുവപ്പ് കാർഡ് കാണിച്ച് സിദാനെ പുറത്താക്കുകയായിരുന്നു”. ഹൊറാസിയോ പറഞ്ഞുനിർത്തി. അതേ സമയം സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരിലേക്ക് ചുരുങ്ങിയ ഫ്രാൻസ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.