SHARE

 

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. അപേക്ഷ നല്‍കിയവരില്‍ നിന്നും ബിസിസിഐ ഉപദേശക സമിതി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ആറ് പേരാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവരില്‍ നിന്നും അഭിമുഖത്തിലൂടെയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇതിനായുള്ള അഭിമുഖം ആരംഭിച്ചു. ബിസിസിഐയുടെ മുംബൈയിലുള്ള പ്രധാന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. കപില്‍ ദേവ് അധ്യക്ഷനായുള്ള മൂന്നംഗ സമിതിയാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നത്.

മൈക്ക് ഹസന്‍ , ഫില്‍ സിമ്മോണ്‍സ് , ടോം മൂഡി , റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, എന്നിവരെക്കൂടാതെ നിലവിലെ കോച്ച് രവിശാസ്ത്രിയും ആറുപേരടങ്ങുന്ന ചുരുക്കപ്പട്ടികയിലുണ്ട്. ഇതില്‍ രവിശാസ്ത്രിക്കു തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

പരിശീലകനെ നിയമിക്കുന്ന വിഷയത്തില്‍ രവിശാസ്ത്രിയെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നിരുന്നു. ഇത് ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്തായാലും അഭിമുഖത്തിനു ശേഷം പുതിയ പരിശീലകനെ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.