SHARE

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ രണ്ട് ടീമായി തിരിഞ്ഞ് കൊണ്ട് പരിശീലന ഏകദിന മത്സരം സംഘടിപ്പിച്ചത്. ദിമുത് കരുണരത്നെ നയിച്ച ദിമുത് ഇലവനും, നിറോഷൻ ഡിക്ക് വെല്ല നയിച്ച ഡിക്ക് വെല്ല ഇലവനുമായിരുന്നു ഈ മത്സരത്തിൽ ഏറ്റുമുട്ടിയത്. വെളിച്ചക്കുറവിനെത്തുടർന്ന് ഈ മത്സരം പൂർത്തിയാക്കാൻ പക്ഷേ കഴിഞ്ഞിരുന്നില്ല.

പരിശീലന ഏകദിന മത്സരത്തിന് ശേഷം ഇന്നലെ രണ്ട് ടീമായി തിരിഞ്ഞുകൊണ്ട് ടി20 പരിശീലന മത്സരവും ശ്രീലങ്ക സംഘടിപ്പിച്ചു. കുശാൽ മെൻഡിസ് നയിച്ച മെൻഡിസ് ഇലവനും, ധനഞ്ജയ ഡിസിൽവ നയിച്ച ധനഞ്ജയ ഇലവനുമായിരുന്നു ഈ മത്സരത്തിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മെൻഡിസ് ഇലവൻ നിശ്ചിത 20 ഓവറുകളിൽ 189/4 എന്ന സ്കോർ നേടിയപ്പോൾ, വിജയ ലക്ഷ്യം പിന്തുടർന്ന ധനഞ്ജയ ഇലവൻ 4 പന്തുകൾ ബാക്കി നിൽക്കേ 6 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 33 പന്തുകളിൽ 4 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 77 റൺസ് നേടിയ ദാസൻ ഷനകയുടെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ധനഞ്ജയ ഇലവന് തകർപ്പൻ വിജയം സമ്മാനിച്ചത്. 42 റൺസെടുത്ത ധനഞ്ജയ ഡിസിൽവ, 31 റൺസെടുത്ത നിറോഷൻ ഡിക്ക് വെല്ല എന്നിവരും വിജയികൾക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

-Advertisement-

അതേ സമയം 32 പന്തിൽ 63 റൺസെടുത്ത് പുറത്താകാതെ നിന്ന ദിനേഷ് ചണ്ടിമാലായിരുന്നു മെൻഡിസ് ഇലവന്റെ ടോപ്‌സ്കോറർ. 50 റൺസെടുത്ത‌ തിസാര‌ പെരേരയും, 42 റൺസോടെ ആവിഷ്ക ഫെർണാണ്ടോയും അവർക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു.