SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനെ സ്വന്തമാക്കിയത്‌. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് രണ്ട് മാസത്തിന്റെ ദൂരം കൂടിയുണ്ടെങ്കിലും താരം അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്ക് വെച്ച ഫോട്ടോയിലൂടെ തന്റെ തമിഴ് അധ്യാപകനെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തിരിക്കുകയാണ് താഹിർ.

ദക്ഷിണാഫ്രിക്കൻ ടീം അനലിസ്റ്റായ പ്രസന്ന ലാറയാണ് താഹിറിന് തമിഴിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞ് കൊടുക്കുന്നത്. ഇരുവരും കൂടിയുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താഹിർ ഇങ്ങനെ എഴുതി, ‘ എന്റെ തമിഴ് അധ്യാപകനെ പരിചയപ്പെടുത്തുന്നു’. ചെന്നൈയിൽ കളിക്കാനൊരുങ്ങുന്ന താഹിർ ഇപ്പോളെ അതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്ന് ചുരുക്കം.

ഇതാദ്യമായാണ് താഹിർ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കാനൊരുങ്ങുന്നത്. 2014 മുതൽ 2016 വരെ ഡെൽഹി ഡെയർഡെവിൾസിലായിരുന്ന ദക്ഷിണാഫ്രിക്കൻ സ്പിന്നർ കഴിഞ്ഞ വർഷം പൂനെ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു.