SHARE

പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ഇൻസമാം ഉൾ ഹഖ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുപതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള ഇൻസമാം, പാകിസ്ഥാന്റെ മുൻ നായകൻ കൂടിയായിരുന്നു. 2007 ൽ ക്രിക്കറ്റ് മതിയാക്കിയ ഇൻസമാം പാകിസ്ഥാന്റെ ദേശീയ ടീം സെലക്ടറായും മുൻപ് സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോളിതാ ക്രിക്കറ്റിനെത്തന്നെ മാറ്റിമറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച 3 താരങ്ങൾ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടി ഇൻസി രംഗത്തെത്തിയിരിക്കുന്നു.

ക്രിക്കറ്റിന് പുതിയ ശൈലി നൽകിയതും, ക്രിക്കറ്റ് എന്ന കളിയെ മാറ്റി മറിച്ചതും 3 പേരാണെന്ന് ഇൻസമാം പറയുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ആദ്യ താരം വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സാണ്. റിച്ചാർഡ്സാണ് ഫാസ്റ്റ് ബോളർമാരെ കൂസലില്ലാതെ നേരിടണമെന്ന് മറ്റ് ബാറ്റ്സ്മാന്മാർക്ക് കാണിച്ച് കൊടുത്തതും, ഫാസ്റ്റ് ബോളർമാർക്കെതിരെ ആക്രമിച്ചാണ്‌ കളിക്കേണ്ടതെന്ന് കാണിച്ച് തന്നതെന്നും ഇൻസമാം പറയുന്നു. മുൻശ്രീലങ്കൻ വെടിക്കെട്ട് ഓപ്പണർ സനത് ജയസൂര്യയുടെ പേരാണ് ക്രിക്കറ്റിനെ മാറ്റി മറിച്ച രണ്ടാമത്തെ താരമായി ഇൻസമാം പറയുന്നത്‌. ആദ്യ പതിനഞ്ച് ഓവറുകളിൽ വെടിക്കെട്ട് നടത്തി അത് വരെ ക്രിക്കറ്റിൽ നിലനിന്നിരുന്ന രീതികളെ പൊളിച്ചെഴുതുകയായിരുന്നു ജയസൂര്യയെന്ന് മുൻ പാക് നായകൻ പറയുന്നു.

ക്രിക്കറ്റിനെ ‌മാറ്റി മറിച്ച മൂന്നാമത്തെ താരമായി ഇൻസമാം ചൂണ്ടിക്കാട്ടുന്നത് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി‌ഡിവില്ലിയേഴ്സിനെയാണ്. ക്രിക്കറ്റിനെ മൂന്നാമത് മാറ്റിയത് ഡിവില്ലിയേഴ്സാണെന്നാണ് ഇൻസിയുടെ പക്ഷം. റിവേഴ്സ് സ്വീപ്പുകളും, പാഡിൽ സ്വീപ്പുകളുമെല്ലാമായി ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ വലിയ വിപ്ലവം സൃഷ്ടിച്ചെന്നാണ് ഇൻസമാം പറയുന്നത്‌.