SHARE

ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ചയിൽത്താഴെ മാത്രം സമയം മാത്രം ബാക്കി ഇത് വരെയുള്ള ലോകകപ്പ് പ്രകടനങ്ങളെ മുൻ നിർത്തി പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘത്തെ തിരഞ്ഞെടുത്ത് ഇൻസമാം ഉൾ ഹഖ്. കഴിഞ്ഞ ദിവസം ഇ എസ്‌ പി എൻ ക്രികിൻഫോയോട് സംസാരിക്കുമ്പോളായിരുന്നു ഇൻസമാം ഈ ടീമിനെ തിരഞ്ഞെടുത്തത്. ഷർജീൽ ഖാനും, കമ്രാൻ അക്മലുമാണ് ഇൻസമാമിന്റെ ടീമിലെ സർപ്രൈസ് താരങ്ങൾ.

മജീദ് ഖാനെയും, സയീദ് അൻ വറിനെയുമാണ് ഓപ്പണിംഗ് സ്ഥാനത്ത് ഇൻസമാം തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്കൊപ്പം ഷർജീൽഖാനെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗ് ഇതിഹാസങ്ങളായ സഹീർ അബ്ബാസ്, ജാവേദ് മിയാൻ ദാദ്, മൊഹമ്മദ് യൂസഫ് എന്നിവരാണ് ടീമിൽ മധ്യനിര ബാറ്റ്സ്മാന്മാരായുള്ളത്. 1992 ൽ പാകിസ്ഥാനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഇമ്രാൻ ഖാനാണ് ടീമിന്റെ നായകൻ.

കമ്രാൻ അക്മലാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. സൂപ്പർ താര‌ങ്ങളായ റഷീദ് ലത്തീഫ്, മോയിൻ ഖാൻ എന്നിവരെ മറികടന്നാണ് ഇൻസമാമം കമ്രാൻ അക്മലിനെ ടീമിന്റെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത്. സ്പിന്നർമാരായി അബ്ദുൾ ഖാദിർ, ഷഹീദ് അഫ്രീദി, സഖ്ലയിൻ മുഷ്താഖ് എന്നിവരേയും, പേസ് ബൗളർമാരായി വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ എന്നിവരെയുമാണ് ഇൻസമാം തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.