SHARE

2003 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ കളിച്ച ഇന്നിംഗ്സ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് പറയപ്പെടുന്നത്. വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ എന്നീ തകർപ്പൻ പേസ് ബൗളർമാർ അണി നിരന്ന പാക് ബോളിംഗിനെ തല്ലിച്ചതച്ച സച്ചിൻ അന്ന് നേടിയത് 75 പന്തിൽ നിന്ന് 98 റൺസായിരുന്നു. മത്സരത്തിൽ വിജയം നേടാൻ ഇന്ത്യയെ സഹായിച്ചതും സച്ചി‌ന്റെ ഈ ഇന്നിംഗ്സായിരുന്നു.

ഇപ്പോളിതാ 17 വർഷങ്ങൾക്ക് ശേഷം സച്ചിന്റെ ആ തകർപ്പൻ ഇന്നിംഗ്സിനെ പ്രശംസിച്ചിരിക്കുകയാണ് മുൻ പാക് നായകനും, അന്നത്തെ മത്സരത്തിൽ പാക് ടീമിലുണ്ടായിരുന്ന താരവുമായ ഇൻസമാം ഉൾ ഹഖ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ യൂടൂബ് ചാനലിൽ ‘ഡി ആർ എസ് വിത് ആഷ്’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോളായിരുന്നു ഇൻസമാം മനസ് തുറന്നത്.

അന്ന് മികച്ച ഫാസ്റ്റ് ബോളർമാർ ഒപ്പമുണ്ടായിരുന്നതിനാലും, മത്സരം നടക്കുന്ന സെഞ്ചൂറിയൻ ഫാസ്റ്റ് ബോളിംഗിനെ അനുകൂലമായിരുന്നതിനാലും ആദ്യ ബാറ്റിംഗിൽ തങ്ങൾ നേടിയത് മികച്ചൊരു സ്കോറാണെന്ന വിശ്വാസമുണ്ടായിരുന്നതായാണ് ഇൻസമാം പറയുന്നത്. ഇതിന് ശേഷമാണ് സച്ചിന്റെ ഇന്നിംഗ്സിനെക്കുറിച്ച് ഇൻസമാം മനസ് തുറന്നത്. “സച്ചിൻ കളിക്കുന്നത് ഒരു പാട് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി; അദ്ദേഹം അതു പോലെ കളിക്കുന്നത് ഞാൻ മുൻപ് കണ്ടിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ ഫാസ്റ്റ് ബോളർമാർക്കെതിരെ അദ്ദേഹം കളിച്ച രീതി ഗംഭീരമായിരുന്നു.”

“അതാണ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം എല്ലാ സമ്മർദ്ദങ്ങളും തകർത്തു. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള ഫാസ്റ്റ് ബോളർമാർക്കെതിരെ ഉയർന്ന നിലവാരത്തിലുള്ള ഇന്നിംഗ്സ് കളിച്ചു. അദ്ദേഹം അന്ന് ബൗണ്ടറികൾ അടിച്ച രീതി, പിന്നാലെ വന്ന ബാറ്റ്സ്മാന്മാരുടെ സമ്മർദ്ദം ഒഴിവാക്കി‌. ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു നിർത്തി.