SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം സീസൺ ദക്ഷിണാഫ്രിക്കയിലാകും നടക്കുകയെന്ന് വാർത്തകൾ. 2019 ൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതാണ് വേദി മാറ്റത്തിന് കാരണം. 2009 ലും സമാന കാരണത്താൽ ദക്ഷിണാഫ്രിക്കയിലായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നത്.

2019 ൽ ഏപ്രിൽ- മെയ് മാസങ്ങളിൽ ലോക് സഭാ തിരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഐപിഎൽ മത്സരങ്ങൾ നടത്തുന്നത് പ്രായോഗികമല്ല. സുരക്ഷാപരമായും മറ്റും പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് വിദേശരാജ്യങ്ങളിൽ എങ്ങോട്ടെങ്കിലും മാറ്റേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് മത്സരം നടത്താൻ ബിസിസിഐ പ്രഥമ പരിഗണന നൽകുന്നത്.

ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രണ്ട് തവണയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തേണ്ടി വന്നിട്ടുള്ളത്. 2009 ൽ ടൂർണമെന്റ് മുഴുവനായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ച് നട്ടപ്പോൾ, 2014 ൽ ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. രണ്ട് സ്ഥലത്തും ഐപിഎൽ വൻ വിജയമായിരുന്നു. ഔദ്യോഗികമായി ഇക്കാര്യത്തിൽ വാർത്തകൾ ഒന്നും വന്നിട്ടില്ലെങ്കിലും ടൈംസ് ഓഫ് ഇന്ത്യ പറയുന്നതിന് അനുസരിച്ച് ബിസിസി ഐ ഇപ്പോളെ വേദി മാറ്റത്തിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.