SHARE

2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്താൻ സാധ്യത തെളിയുന്നു. ഐപിഎൽ നടക്കുന്ന സമയത്ത് തന്നെ അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പും വരുന്നതിനാലാണിത്. സമാന കാരണത്താൽ മുൻപ് രണ്ട് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്ത്യയ്ക്ക് വെളിയിൽ നടന്നിട്ടുണ്ട്. 2009 ലെ രണ്ടാം സീസൺ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിൽ നടന്നപ്പോൾ 2014 ഐപിഎല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ യു.എ.ഇ യിലേക്ക് മാറ്റിയിരുന്നു.

അതേ സമയം പൊതുതിരഞ്ഞെടുപ്പ് മൂലം ഐപിഎൽ ഇന്ത്യയിൽ നിന്ന് മാറ്റേണ്ടി വന്നാൽ വേദിയായി പ്രധാനമായും പരിഗണിക്കുന്നത് യു.എ.ഇ യെയാണ്. ദക്ഷിണാഫ്രിക്കയും മത്സരം നടത്താനുള്ള ബിസിസിഐയുടെ ലിസ്റ്റിലുണ്ടെങ്കിലും കാലാവസ്ഥയും സമയവും ഇന്ത്യയുമായി ഏകദേശം സമാനമായത് യു.എ.ഇ ക്ക് ഗുണമാകും. 2014 ൽ ഇവിടെ സംഘടിപ്പിച്ച ഐപിഎൽ മത്സരങ്ങളും വലിയ വിജയമായിരുന്നു.

ദുബായ്, ഷാർജ, അബുദാബി എന്നിവയാകും യു.എ.ഇ യിലെ മത്സരവേദികൾ. അതേ സമയം ഇതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്ന് ബിസിസിഐ അധികൃതർ പറയുന്നു. എങ്കിലും ഐപിഎൽ മാറ്റേണ്ട അവസ്ഥ വന്നാൽ പകരം മത്സരങ്ങൾ നടത്തേണ്ടത് എവിടെയെന്ന കാര്യത്തിൽ തങ്ങൾക്ക് ചില പദ്ധതികളുള്ളതായും അവർ വ്യക്തമാക്കി.