SHARE

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് വെളിയിൽ നടത്താനുള്ള സാധ്യതകൾ വർധിക്കുന്നു‌. ഈ വർഷം ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഐപിഎൽ ഇന്ത്യയ്ക്ക് വെളിയിൽ നടത്തിയേക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാറിന് ഇതിനോട് യോജിപ്പില്ലാത്തതിനാൽ ഐപിഎൽ ഇന്ത്യയിൽ ത്തന്നെ നടത്താനുള്ള സാധ്യതകൾ പിന്നീട് ബിസിസിഐ ആരാഞ്ഞിരുന്നു. എന്നാൽ ഐപിഎൽ ഇത്തവണ ഇന്ത്യയിൽ നടത്താനുള്ള സാധ്യതകൾ വളരെ നേരിയതാണെന്നാണ് അവസാനം ലഭിക്കുന്ന സൂചനകൾ.

ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ യും, കേന്ദ്ര കായിക മന്ത്രാലയവും കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു. പല ഘടകങ്ങളും, സാഹചര്യങ്ങളും കണക്കിലെടുത്ത് നോക്കുമ്പോൾ ഐപിഎൽ ഇന്ത്യയിൽ നടത്തുക‌ ബുദ്ധിമുട്ടാണെന്ന് ബിസിസിഐ ക്ക് മനസിലായിട്ടുണ്ട്‌. ഇതോടെ ഐപിഎൽ ഇത്തവണ വിദേശത്തേക്ക് പറിച്ചുനടാനുള്ള‌ നീക്കം ബിസിസിഐ തുടങ്ങിക്കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇന്ത്യയ്ക്ക് വെളിയിൽ ഐപിഎൽ നടത്തുന്നത് ബിസിസിഐ യെ സംബന്ധിച്ചിടത്തോളം അത്ര പ്രയാസമുള്ള കാര്യമല്ല. 2009 ലും, 2014 ലും പൊതുതിരഞ്ഞെടുപ്പുകളെത്തുടർന്ന് ഐപിഎൽ ഇന്ത്യയിൽ നിന്ന്‌ മാറ്റിയിരുന്നു. 2009 ലെ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചു നട്ടപ്പോൾ, 2014 ഐപിഎല്ലിന്റെ ആദ്യ ഭാഗ മത്സരങ്ങൾക്ക് യു.എ.ഇ വേദിയാവുകയായിരുന്നു.