SHARE

ഈ മാസം കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന 2020 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിച്ചു. 7 വിദേശ താരങ്ങൾക്കാണ് ലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുള്ളത്. റോബിൻ ഉത്തപ്പയാണ് താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയിട്ടിട്ടുള്ള ഇന്ത്യൻ താരം. ഉത്തപ്പ അടക്കം ഒൻപത് താരങ്ങൾക്ക് ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ട്‌.

അഞ്ച് ഓസ്ട്രേലിയൻ താരങ്ങൾക്കാണ് ലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുള്ളത്‌. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽ വുഡ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വെൽ, ക്രിസ് ലിൻ എന്നിവരാണിത്. ഇതിന് പുറമേ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡെയിൽ സ്റ്റെയിൻ, ശ്രീലങ്കൻ ഓൾ റൗണ്ടർ ഏഞ്ചലോ മാത്യൂസ് എന്നിവർക്കും രണ്ട് കോടി ഇന്ത്യൻ രൂപയാണ് അടിസ്ഥാന വില.

ഈ വർഷം ലേലത്തിന് മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ടീമിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയ്ക്ക് ഒന്നരക്കോടി രൂപയാണ് അടിസ്ഥാന വില. ഷോൺ മാർഷ്, കെയിൽ ആബോട്ട്, ഓയിൻ മോർഗൻ, ജേസൺ റോയ്, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ക്രിസ് മോറിസ്, കൈൽ ആബോട്ട് എന്നിവർക്കും ഒന്നരക്കോടി രൂപ ലേലത്തിൽ അടിസ്ഥാന വിലയിട്ടിട്ടുണ്ട്.