SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നടന്ന ഈ വർഷത്തെ ഐപിഎല്ലിൽ പ്രൈസ്മണി വെട്ടിക്കുറച്ച് ബിസിസിഐ. മുൻ വർഷങ്ങളിൽ നൽകിയിരുന്ന പ്രൈസ്മണിയുടെ നേരെ പകുതി തുക മാത്രമാണ് ഇക്കുറി ടീമുകൾക്ക് ലഭിക്കുക. കഴിഞ്ഞ വർഷം ഐപിഎൽ ചാമ്പ്യന്മാർക്ക് 20 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കുറി 10 കോടി രൂപയിലേക്ക് അത് ചുരുക്കി. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് പോയ സീസണിൽ 12.5 കോടി രൂപയായിരുന്നു പ്രൈസ്മണിയായി ബിസിസിഐ നൽകിയത്‌ എന്നാൽ ഇക്കുറി 6.25 കോടി രൂപ മാത്രമാണ് റണ്ണേഴ്സപ്പാവുന്ന ടീമിന് ലഭിക്കുക.

അതേ സമയം ഐപിഎല്ലിൽ പല താരങ്ങൾക്കും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് ഇക്കുറി ജേതാക്കൾക്ക് ലഭിക്കുന്നത് എന്നതാണ്‌ ശ്രദ്ധേയം. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 15.5 കോടി രൂപ ലഭിച്ച പാറ്റ് കമ്മിൻസിനും, 10.75 കോടി രൂപ ലഭിച്ച ക്രിസ് മോറിസിനും ഐപിഎൽ ചാമ്പ്യന്മാർക്ക് പ്രസ്മണി ഇനത്തിൽ ലഭിക്കുന്നതിനേക്കാൾ പണം ഇക്കുറി കിട്ടുമെന്ന് ചുരുക്കം.

അതേ സമയം ഇക്കുറി പ്ലേ ഓഫിലെത്തിയ മറ്റ് രണ്ട് ടീമുകൾക്ക് 4.375 കോടി രൂപയും പ്രൈസ്മണിയായി നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കുന്നവർക്ക് (ഓറഞ്ച് ക്യാപ്പ്, പർപ്പിൾ ക്യാപ്പ്, എമർജിംഗ് പ്ലേയർ) നൽകുന്ന പ്രൈസ് മണി എത്രയായിരിക്കുമെന്ന കാര്യത്തിൽ അവർ വ്യക്തത വരുത്തിയിട്ടില്ല. മുൻ സീസണുകളിൽ 10 ലക്ഷം രൂപയായിരുന്നു ഈ പുരസ്കാര ജേതാക്കൾക്ക് ബിസിസിഐ നൽകിയിരുന്നത്. അതിലും ഇക്കുറി കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.