SHARE

2020 ലെ ഐപിഎൽ സീസണിനുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം പ്രവർത്തിച്ച പരിശീലകർക്ക് ഇത്തവണ സ്ഥാനം നഷ്ടമായിട്ടുണ്ട്. മുഖ്യ പരിശീലകനായിരുന്ന ഗാരി കിർസ്റ്റൺ, ബോളിംഗ് പരിശീലകനായിരുന്ന ആശിഷ് നെഹ്റ എന്നിവരെല്ലാം ടീമിൽ നിന്ന് പുറത്ത് പോകേണ്ടി‌ വന്നവരിലുണ്ട്.

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനായിരുന്ന സൈമൺകാറ്റിച്ചാണ് ഇത്തവണ ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകൻ. ടീമിന്റെ ബോളിംഗ് പരിശീലകനായിരുന്ന മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയ്ക്ക് പകരം ആഡം ഗ്രിഫിത്ത് സ്ഥാനമേറ്റെടുക്കും. ഏറെക്കാലം ഓസീസ് ടീമിനൊപ്പം പ്രവർത്തിച്ചിരുന്ന ശ്രീധരൻ ശ്രീറാമിനെ ടീമിന്റെ ബാറ്റിംഗ്, സ്പിൻ ബോളിംഗ് പരിശീലകനായി അവർ നിയമിച്ചിട്ടുണ്ട്.

-Advertisement-

ഇന്ത്യൻ ടീമിന്റെ സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായിരുന്ന ശങ്കർ ബസു വരും സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പവും ഇതേ റോളിൽ പ്രവർത്തിക്കും. ഇവാൻ സ്പീച്ച്ലിയാണ് ടീം ഫിസിയോ.