SHARE

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ടി20 ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. മറ്റു പല രാജ്യങ്ങളും തങ്ങളുടേതായ ഫ്രാഞ്ചൈസി ടി20 ലീഗുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഐപിഎൽ നേടിയത് പോലെയുള്ള വിജയം നേടാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാന്റെ ഫ്രാഞ്ചൈസി ടി20 ലീഗായ പാകിസ്ഥാൻ സൂപ്പർ ലീഗിന് ഈയടുത്ത കാലത്തായി കൂടുതൽ പ്രചാരവും, ശ്രദ്ധയും ലഭിക്കുന്നുണ്ട്. നിലവാരമുള്ള, മികച്ച പോരാട്ടങ്ങൾ അവിടെ നടക്കുന്നതാണ് ഇതിന് കാരണം.

എന്നാൽ ഇരു ടൂർണമെന്റുകളുടേയും പ്രൈസ്മണിയുടെ കാര്യത്തിലുള്ള വ്യത്യാസം നോക്കുമ്പോൾ എന്തു കൊണ്ടാണ് ഐപിഎല്ലിൽ കളിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതെന്നും, എന്തു കൊണ്ടാണ് അത് ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗായി തുടരുന്നതെന്നും നമുക്ക് എളുപ്പത്തിൽ മനസിലാക്കാ‌നാകും.

ആഗോള തലത്തിൽ ഏറെ ആരാധകരുള്ളത് കൊണ്ടു തന്നെ ഐപിഎല്ലിന് സ്പോൺസറെ കണ്ടു പിടിക്കാ‌‌ൻ ബിസിസിഐയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഇക്കാര്യം കൊണ്ടു തന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രൈസ് മണിയാണ് ഐപിഎല്ലിൽ ടീമുകൾക്ക് ലഭിക്കുന്നത്. ഐപിഎല്ലിനെ താരതമ്യപ്പെടുത്തി നോക്കിയാൽ പി എസ് എല്ലിൽ ടീമുകൾക്ക് ലഭിക്കുന്ന പ്രൈസ് മണി വളരെ കുറവാണ്.

ഇക്കുറി ഐപിഎൽ വിജയികളായ മുംബൈ ഇന്ത്യൻസിന് 20 കോടി രൂപയാണ് പ്രൈസ്മണിയായി ബിസിസിഐ നൽകിയത്. രണ്ടാം സ്ഥാനക്കാരായ ഡെൽഹി ക്യാപിറ്റൽസിന് 12.5 കോടി രൂപയും ലഭിച്ചു. ഇതേ സമയം പാകിസ്ഥാൻ സൂപ്പർ ലീഗിൽ വിജയിച്ച കറാച്ചി കിംഗ്സിന് സമ്മാനത്തുകയായി അധികൃതർ നൽകിയത് 3.75 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാരായ ലാഹോർ ഖ്വലാൻഡേഴ്സിന് കിട്ടിയത് 1.5 കോടിയും.

ഐപിഎല്ലിൽ മൂന്ന്, നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്ക് ബിസിസിഐ പ്രൈസ് മണിയായി നൽകിയത് 8.75 കോടി രൂപ വീതമാണ്‌. എന്നാൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ 3,4 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾക്ക് പ്രൈസ് മണിയില്ല.

അതേ സമയം ടീമുകൾക്ക് ലഭിക്കുന്ന പ്രൈസ് മണിയുടെ കാര്യത്തിൽ ഐപിഎൽ, പി എസ് എല്ലിനേക്കാൾ ഏറെ മുന്നിലാണെങ്കിലും വ്യക്തിഗത പുരസ്കാരങ്ങൾക്ക് നൽകുന്ന പ്രൈസ് മണിയുടെ കാര്യത്തിൽ 2 ലീഗുകളും ഒപ്പം നിൽക്കുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇക്കുറി മികച്ച ബാറ്റ്സ്മാൻ, മികച്ച ബോളർ, മികച്ച കീപ്പർ, മികച്ച ഫീൽഡർ, എമർജിംഗ് പ്ലേയർ, ടൂർണമെന്റിലെ മികച്ച താരം എന്നിവയായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് 10 ലക്ഷം രൂപയാണ് നൽകിയത്. നേരത്തെ ഐപിഎല്ലിലും വ്യക്തിഗത അവാർഡുകളായ ഓറഞ്ച് ക്യാപ്പ്, പർപ്പിൾ ക്യാപ്പ്, മോസ്റ്റ് വാല്യുവബിൾ താരം, എമർജിംഗ് താരം എന്നിവ സ്വന്തമാക്കിയ കളികാർക്കും 10 ലക്ഷം രൂപ വീതമായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.