SHARE

ചെന്നൈ‌ സൂപ്പർ കിംഗ്സിന്റെ നാലാം കിരീട ധാരണത്തോടെ പതിനാലാം സീസൺ ഐപിഎൽ അവസാനിച്ചതിന് പിന്നാലെ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോപ്രയുടെ ഈ മികച്ച ഇലവനിൽ പക്ഷേ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് ഇടമില്ല. ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച സഞ്ജുവിനെ താൻ തിരഞ്ഞെടുത്ത ഈ വർഷത്തെ മികച്ച ഐപിഎൽ ഇലവനിൽ നിന്ന് തഴഞ്ഞ ചോപ്ര, കെ എൽ രാഹുലിനെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണർമാരായ റുതുരാജ് ഗെയിക്ക്വാദിനേയും, ഫാഫ് ഡുപ്ലെസിസിനേയുമാണ് താൻ തിരഞ്ഞെടുത്ത ഈ വർഷത്തെ മികച്ച ഐപിഎൽ ഇലവന്റെ ഓപ്പണർമാരായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഈ ഐപിഎല്ലിലെ ഉയർന്ന റൺ വേട്ടക്കാരിൽ യഥാക്രമം 1, 2 സ്ഥാനങ്ങളിലുള്ള താരങ്ങളാണ് ഇവർ. പഞ്ചാബ് കിംഗ്സിന്റെ കെ എൽ രാഹുലിനെ മികച്ച ഐപിഎൽ ഇലവന്റെ മൂന്നാം നമ്പരിലേക്ക് തിരഞ്ഞെടുക്കുന്ന ചോപ്ര, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഗ്ലെ‌ൻ മാക്സ്‌വെൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രാഹുൽ ത്രിപാതി, ഡെൽഹി ക്യാപിറ്റൽസിന്റെ ഷിംറോൺ ഹെറ്റ്മെയർ എന്നിവരെയാണ് യഥാക്രമം 4 മുതൽ 6 വരെ ബാറ്റിംഗ് സ്ഥാനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ രവീന്ദ്ര ജഡേജയെ ടീമിന്റെ ഓൾ റൗണ്ടറായി തിരഞ്ഞെടുത്ത ചോപ്ര, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തി, മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രിത് ബുംറ എന്നിവരെയാണ് 2021 ഐപിഎല്ലിലെ മികച്ച ഇലവന്റെ ബോളിംഗ് ലൈനപ്പിലേക്ക് തിരഞ്ഞെടുത്തത്.