SHARE

ഈ വർഷം നടക്കാനിരിക്കുന്ന പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി കളികാരെ നിലനിർത്തുന്ന പ്രക്രിയ ഈ മാസം 20 നകം പൂർത്തിയാക്കണമെന്ന് ഫ്രാഞ്ചൈസികൾ ക്ക് നിർദ്ദേശം നൽകി ബിസിസിഐ. ബിസിസിഐ നൽകിയ സമയക്രമം പാലിക്കാത്ത ഫ്രാഞ്ചൈസികളുടെ റിട്ടൻഷൻ അസാധുവാക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അടുത്ത കുറച്ച് ദിവസങ്ങൾ ഐപിഎൽ ടീമുകൾക്ക് നിർണായകമായിരിക്കുമെന്ന് ഉറപ്പായി.

ലേലത്തിൽ ഇടം നേടാൻ ആഗ്രഹിക്കുന്ന ഐപിഎൽ കരാറില്ലാത്ത ഇന്ത്യൻ കളികാർ, ഫെബ്രുവരി 4 ന് അഞ്ച് മണിക്ക് മുൻപായി പ്ലേയർ ഓക്ഷൻ എഗ്രിമെന്റ് ഓൺലൈനായി സമർപ്പിക്കണമെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അയച്ച ഇ മെയിലിൽ ബിസിസിഐ അറിയിച്ചിട്ടുണ്ട്. കളികാർക്ക് നേരിട്ട് തങ്ങളുടെ പ്ലേയർ ഓക്ഷൻ എഗ്രിമെന്റ് സമർപ്പിക്കാനാവില്ല. മറിച്ച് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ വഴിയാണ് ഇത് ചെയ്യേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്ന കളികാരനെ ഐപിഎൽ ലേലത്തിൽ ഉൾപ്പെടുത്തില്ല. അതേ സമയം അടുത്ത മാസം 11-ം തീയതിയാകും‌ ഇത്തവണത്തെ താരലേലമെന്നാണ് സൂചനകൾ. ഈയാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.